ginger

ഇഞ്ചിക്കൃഷിയുടെ പ്രധാന ശത്രുക്കളായ ബാക്ടീരിയയും ഫംഗസും ബാധിക്കാത്ത വിത്തുമായി കാർഷിക സർവകലാശാല. ടിഷ്യൂ കൾച്ചർ സാങ്കേതികവിദ്യയിലൂടെ (മൈക്രോറൈസോം) വികസിപ്പിച്ച വിത്ത് കേരളത്തിൽ 8,700 വരുന്ന ഇഞ്ചി കർഷക‌ർക്ക് താമസിയാതെ ലഭ്യമാക്കും.

അണുവിമുക്തമാക്കിയ വിത്തിന് രോഗങ്ങളെ 80 ശതമാനം പ്രതിരോധിക്കാൻ ശേഷിയുണ്ട്. മൊത്തം ചെലവിന്റെ 70 ശതമാനം വരെ നിലവിൽ രോഗങ്ങളെ ചെറുക്കാൻ വേണം. ഈ ചെലവ് നല്ലൊരളവ് പുതിയ വിത്തിലൂടെ കുറയ്ക്കാം. വയനാട്ടിലും ഇടുക്കിയിലുമാണ് കൂടുതൽ ഇഞ്ചിക്കർഷകരുള്ളത്. കോട്ടയത്തും കണ്ണൂരിലും കണ്ണൂരിൽ നിന്ന് കുടിയേറി കർണാടകയിലെ ഷിമോഗയിലും കൃഷി ചെയ്യുന്നവരുണ്ട്.

മൈക്രോറൈസോം

അണുവിമുക്തമാക്കിയ ഇഞ്ചിവിത്തുകളിൽ നിന്ന് ടിഷ്യൂകൾച്ചർ വഴി മുകുളങ്ങളെ പെരുപ്പിച്ചെടുക്കുക്കും. ഈ മുകുളങ്ങളെ വേർതിരിച്ച് ഗ്രോബാഗുകളിൽ നിറച്ച അണുവിമുക്തമാക്കിയ മണ്ണിൽ നടും. പോളിഹൗസിൽ 10 മാസത്തെ വളർ‌ച്ച. ഒരു കിലോ മൈക്രോറൈസോമിൽ നിന്ന് 200 മുകുളങ്ങൾ ലഭിക്കും.

2819 ഹെക്ടർ

കേരളത്തിലെ ഇഞ്ചികൃഷി

11,917 മെട്രിക് ടൺ

വാർഷികോത്പാദനം

ഈ കൃഷിയുടെ പ്രചാരണത്തിനായി കണ്ണൂർ, വയനാട്, പാലക്കാട്, തൃശൂർ, കോട്ടയം ജില്ലകളിലെ പത്ത് വീതം കർഷകർക്ക് പരിശീലനം നൽകി. സൗജന്യമായി വിത്തും നൽകി.

ഡോ.ദീപു മാത്യു
പ്രൊഫസർ, കാർഷിക സർവകലാശാല