pc-george

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ വീണ്ടും കേസ്. 153 എ, 295 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പി.സി ജോര്‍ജിനെതിരെ കേസെടുത്തത്.

അതേസമയം, തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിനെതിരായ കേസിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ അപേക്ഷ നാളെ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് വീണ്ടും കേസ് എടുത്തതെന്നത് ശ്രദ്ധേയമാണ്.

മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത പി.സി ജോർജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ഫോർട്ട് പൊലീസാണ് പി.സി.ജോർജിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്.

എന്ത് കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് പൂർണമായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും, പ്രോസിക്യൂഷന്റെ വാദം കേൾക്കാതെ ജാമ്യം അനുവദിക്കാമെന്ന് മുൻ ഉത്തരവുകളുണ്ടെന്നും കോടതി ജാമ്യ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യം അനുവദിച്ചതിന് പിന്നാലെ, കേസിനാസ്‌പദമായ പരമാർശങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് പി.സി ജോർജ് വ്യക്തമാക്കിയിരുന്നു.