apple-hq

കൊവിഡ് ലോകത്തെയൊട്ടാകെ പിടിച്ചുലച്ച കാലത്ത് പല കമ്പനികളും തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന്റെ തീവ്രത കുറഞ്ഞ് ലോകം പഴയ പടി ആയി വന്നപ്പോൾ ജീവനക്കാരെയെല്ലാം കമ്പനികൾ തിരിച്ച് ഓഫീസിലേക്ക് വരുത്തി. വീട്ടിലിരുന്ന് ജോലി ചെയ്ത് സുഖം പിടിച്ചുപോയ പല ജീവനക്കാരും അൽപം അമർഷത്തോടെയാണെങ്കിലും തിരിച്ച് ജോലിക്കെത്തി.

ആഴ്ചയിൽ ചില ദിവസങ്ങളിലെങ്കിലും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്ന് ജീവനക്കാർ നിർദേശിച്ചു. എന്നാൽ അതൊന്നും ഭൂരിഭാഗം കമ്പനികളും ചെവിക്കൊണ്ടില്ല.

ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത് ലോക പ്രശസ്ത ടെക്ക് ഭീമനായ ആപ്പിളിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായ യുവാവാണ്. ആപ്പിളിന്റെ മെഷീൻ ലേണിംഗ് മേധാവിയായ ഇയാൻ ഗുഡ്ഫെലോ തന്റെ ജോലിയിൽ നിന്നും പിരിഞ്ഞ് പോകുന്നു. ഇദ്ദേഹം കമ്പനി വിടാനുണ്ടായ കാരണമാണ് രസകരം. വർക്ക് ഫ്രം ഹോം മതിയാക്കി തിരികെ ഓഫീസിലെത്തി ജോലി ചെയ്യാൻ ആപ്പിൾ ഇയാനെ നിർബന്ധിച്ചു. ഇതാണ് ഇത്രയും വലിയ സ്ഥാനത്ത് നിന്നും പുറത്ത് പോകാൻ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ian-goodfellow

എന്നാൽ ആപ്പിൾ ഇപ്പോൾ കൈക്കൊള്ളുന്നത് ഹൈബ്രിഡ് വർക്കിംഗാണ്. അതായത് ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ഓഫീസിൽ വന്ന് ജോലി ചെയ്യുകയും ബാക്കി ദിവസങ്ങളിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുകയും വേണം. മേയ് 23 മുതൽ ആപ്പിൾ ജീവനക്കാർ ആഴ്ചയിൽ 3 മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണം.

പൂർണമായും വർക്ക് ഫ്രം ഹോം അല്ലാതെ ഹൈബ്രിഡ് വർക്ക് പോളിസിയോട് ഇയാന് പൊരുത്തപ്പെടാൻ സാധിച്ചില്ല. അതിനാലാണ് അദ്ദേഹം കമ്പനി വിട്ടത്. 2019 ലാണ് ഇയാൻ ആപ്പിളിൽ ചേർന്നത്. ഗ്ലാസ്ഡോർ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം മാസം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാണ് ആപ്പിൾ ഡയറക്ടർ സ്ഥാനത്തുള്ളവരുടെ ശമ്പളം.