
പാട്ന : ബീഹാറിലെ സുൽത്താൻഗഞ്ചിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്ന സംഭവത്തിൽ വെളിപ്പെടുത്തലുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഗംഗയ്ക്ക് കുറുകെയുള്ള നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം കഴിഞ്ഞ മാസം 29നാണ് തകർന്നത്. 1710 കോടി രൂപ ചെലവിലാണ് 3,116 മീറ്റർ നീളമുള്ള പാലം നിർമ്മിക്കുന്നത്. പാലം തകർന്നതിനുള്ള കാരണമായത് ശക്തമായ കാറ്റാണെന്നാണ് ഐ എ എസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ഈ കണ്ടെത്തൽ തന്നെ അദ്ഭുതപ്പെടുത്തിയെന്ന് നിതിൻ ഗഡ്കരി തുറന്നടിച്ചു.
ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത്തരമൊരു വിശദീകരണം നൽകാൻ കഴിയുന്നതെന്ന് താൻ ആശ്ചര്യപ്പെടുന്നതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി പറഞ്ഞു. ശക്തമായ കാറ്റിൽ പാലം എങ്ങനെ തകരുമെന്ന് എനിക്ക് മനസിലാകുന്നില്ല. നിർമാണത്തിൽ എന്തെങ്കിലും തകരാർ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'പാലത്തിന്റെ നിർമ്മാണത്തിൽ നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 1,710 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന നിർമ്മാണത്തിലിരിക്കുന്ന പാലത്തിന് ശക്തമായ കാറ്റിനെ നേരിടാൻ കഴിഞ്ഞില്ല എന്നത് അന്വേഷണം നടത്തേണ്ട കാര്യമാണെന്ന്'പറഞ്ഞ മന്ത്രി ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ പാലങ്ങളുടെ നിർമാണ ചെലവ് കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അഭിപ്രായപ്പെട്ടു.
ബിഹാറിലെ സുൽത്താൻഗഞ്ചിനും അഗ്വാനി ഘട്ടിനും ഇടയിലുള്ള പാലത്തിന്റെ നിർമ്മാണം 2014ലാണ് ആരംഭിച്ചത്. 2019 ൽ ഇത് പൂർത്തിയാകേണ്ടതായിരുന്നുവെങ്കിലും നിർമ്മാണം ഇപ്പോഴും തുടരുകയാണ്.