temple

തെയ്യങ്ങളുടെ നാടായ കണ്ണൂരിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് തളിപ്പറമ്പിനടുത്ത് സ്ഥിതി ചെയ്യുന്ന രാജരാജേശ്വര ക്ഷേത്രം. കേരളത്തിലെ തന്നെ അതിപുരാതനമായ മഹാശിവ ക്ഷേത്രങ്ങളിലൊന്നാണിത്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ മാത്രമല്ല, ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന സംഭവങ്ങൾകൊണ്ടും പ്രസിദ്ധമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം.

പരശുരാമൻ സ്ഥാപിച്ച 108 ശക്തി പീഠങ്ങളിലൊന്നായ ഈ ക്ഷേത്രം പരശുരാമൻ പുനർ നിർമാണം നടത്തിയെന്നാണ് വിശ്വാസം. പാർവതി ദേവിയുടെ ശക്തി പീഠങ്ങളിലൊന്ന് കൂടിയാണ് ഈ ക്ഷേത്രം. സതീ ദേവിയുടെ തല വീണത് ഈ ക്ഷേത്രമിരിക്കുന്ന സ്ഥാനത്താണെന്നാണ് വിശ്വാസം.

ആചാരങ്ങൾ

കേരളത്തിലെ ക്ഷേത്രങ്ങളിൽ സാധാരണ കണ്ടുവരാത്ത വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവിടെയുണ്ട്. എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ പാടില്ല എന്നത് മാത്രമല്ല, സ്ത്രീ പ്രവേശനത്തിന് പ്രത്യേക വ്യവസ്ഥകളും ഒട്ടേറെ നിബന്ധനകളും ഇവിടെയുണ്ട്. പുരുഷന്മാർക്ക് അനുവദിച്ചിരിക്കുന്നത് പോലെ എല്ലായ്പ്പോഴും ഇവിടെ സ്ത്രീകൾക്ക് പ്രവേശനമില്ല. രാത്രികാലങ്ങളിൽ മാത്രമാണ് ഇവിടെ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ബ്രാഹ്മണ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാറില്ല. മറ്റുള്ളവർക്ക് തിരുവത്താഴ പൂജയ്ക്ക് ശേഷം ക്ഷേത്രത്തിനകത്ത് കയറാം. അതായത് രാത്രി ഏഴരയ്ക്ക് ശേഷമാണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

temple

മംഗല്യ പൂജ

ഈ ക്ഷേത്രത്തിലെ പ്രധാന പൂജകളിലൊന്നാണ് മംഗല്യ പൂജ. ഇത് നടത്തിയാൽ വിവാഹ തടസങ്ങൾ മാറും എന്നാണ് വിശ്വാസം. മലബാറിന്റെവിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഈ പൂജയ്ക്കായി വരാറുണ്ട്.

ക്ഷേത്ര ദർശനം

പുലർച്ചെ നാലുമണിക്ക് ക്ഷേത്രം പൂജകൾക്കായി തുറക്കും. ഉച്ചയ്ക്ക് 12 മണി വരെ നട തുറന്നിരിക്കും. പിന്നീട് നട തുറക്കുന്നത് വൈകിട്ട് അഞ്ചരയ്ക്കാണ്. ശേഷം അത്താഴ പൂജ കഴിഞ്ഞ് രാത്രി എട്ട് വരെ ക്ഷേത്രം തുറന്നിരിക്കും. ഏഴരയ്ക്ക് നടക്കുന്ന അത്താഴ പൂജയ്ക്ക് ശേഷമാണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാറുള്ളത്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം അനുവദിക്കാറില്ല. സ്ത്രീകൾ സാരിയോ അല്ലെങ്കിൽ സൽവാറോ ധരിച്ചു മാത്രമേ ക്ഷേത്ര ദർശനത്തിനെത്താവൂ എന്നുമുണ്ട്.