lpg-price-hike-

കുടുംബ ബഡ്ജറ്റിനെ താളം തെറ്റിച്ച് കൊണ്ട് എൽ പി ജി വില റോക്കറ്റ് പോലെ ഉയരുമ്പോൾ ഗ്രാമീണരായ സ്ത്രീകളെ പുകയടുപ്പിൽ നിന്നും മോചിപ്പിക്കുവാൻ മോദി സർക്കാർ കൊണ്ടു വന്ന പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) പദ്ധതിക്ക് താളം തെറ്റുന്നു. സൗജന്യമായി ഗ്യാസ് അടുപ്പും, ആദ്യ കുറ്റിയും, കണക്ഷനും നൽകുന്നതാണ് ഈ പദ്ധതിയെ ജനകീയമാക്കിയത്. എന്നാൽ അടിക്കടി ഗ്യാസ് വില വർദ്ധിപ്പിച്ചതോടെ ഗ്രാമീണ ജനത പണം നൽകി പുതിയ ഗ്യാസ് കുറ്റികൾ വാങ്ങാൻ മടികാട്ടിയതോടെയാണ് പ്രധാൻ മന്ത്രി ഉജ്ജ്വല യോജന പരാജയമായി മാറിയത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ 90 ലക്ഷത്തിലധികംഉജ്ജ്വല സ്‌കീമിന്റെഗുണഭോക്താക്കൾ തങ്ങളുടെ സിലിണ്ടർ ഒരിക്കൽ പോലും റീഫിൽ ചെയ്തിട്ടില്ലെന്ന കണക്കാണ് പുറത്ത് വരുന്നത്. ഏകദേശം 1.08 കോടി ആളുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരു പ്രാവശ്യം മാത്രമാണ് വാങ്ങിയത്. ഐഒസിഎൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. ചന്ദ്ര ശേഖർ ഗൗർ എന്ന സാമൂഹിക പ്രവർത്തകനാണ് ഈ വിവിരം തേടിയത്. 2021-22 സാമ്പത്തിക വർഷത്തിൽ 65 ലക്ഷം ഉപഭോക്താക്കൾ സിലിണ്ടറുകൾ റീഫിൽ ചെയ്തിട്ടില്ലെന്ന മറുപടിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) നിന്നും ലഭിച്ചത്. അതേസമയം 52 ലക്ഷം ഉപഭോക്താക്കൾ 2021-22 സാമ്പത്തിക വർഷത്തിൽ ഒരു തവണ മാത്രമേ റീഫിൽ ചെയ്തിട്ടുള്ളൂ എന്നാണ് ഐഒസി നൽകിയ വിവരം. 9.175 ലക്ഷം ഉപഭോക്താക്കൾ സിലിണ്ടറുകൾ റീഫിൽ ചെയ്തിട്ടില്ലെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും മറുപടി നൽകി.

ഉജ്വല സ്‌കീമിന് കീഴിൽ ഉദ്ദേശം 8.99 കോടി കണക്ഷനുകളാണ് നൽകിയിട്ടുള്ളത്. ഇതിൽ 90 ലക്ഷത്തോളം പേർ ഒരിക്കലും അവർക്ക് ലഭിച്ച സിലിണ്ടർ റീഫിൽ ചെയ്തിട്ടില്ല, 1.08 കോടി പേർ ഒരിയ്ക്കൽ റീഫിൽ ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം ഉജ്ജ്വല സ്‌കീമിൽ കൂടുതൽ റീഫിൽ ചെയ്യുന്നത് രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിലാണ്. ഇവിടെ വർഷം റീഫിൽ ചെയ്യുന്ന സിലിണ്ടറുകളുടെ ശരാശരി 8.12ആണ്. ചണ്ഡീഗഡ് (7.45 സിലിണ്ടറുകൾ), പോണ്ടിച്ചേരി (6.67 സിലിണ്ടറുകൾ), മിസോറം (6.22 സിലിണ്ടറുകൾ) എന്നിവയാണ് ഡൽഹിക്ക് പിന്നിലുള്ള സംസ്ഥാനങ്ങൾ. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (പി എം യുവൈ) മോദി സർക്കാർ ആരംഭിച്ചത്. വിറകടുപ്പുകളിൽ നിന്നുമുള്ള മോചനമാണ് ലക്ഷ്യം വയ്ക്കുന്നത്.