സേതുരാമയ്യരുടെ അഞ്ചാം വരവിനായി കാത്തിരിക്കുകയായിരുന്നു മലയാളി പ്രേക്ഷകർ. സിബിഐ 5 തീയേറ്ററുകളിൽ നിറഞ്ഞോടുമ്പോഴും ചിത്രത്തെ തകർക്കാനുള്ള ശ്രമം പലഭാഗത്തു നിന്നുമുണ്ടായെന്നാണ് സംവിധായകൻ കെ മധു പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്....
'അലി ഇമ്രാൻ എന്നായിരുന്നു കഥാപാത്രത്തിന് എസ് എൻ സ്വാമി ആദ്യം നൽകിയ പേര്. കഥാപാത്രം സ്വാമിയുടെ രചന ആണെങ്കിലും അതിന്റെ ഉൾക്കാഴ്ച മുഴുവൻ മമ്മൂട്ടിയുടേതായിരുന്നു. കഥാപാത്രം ഒരു ബ്രാഹ്മണൻ ആകാമെന്ന് പറഞ്ഞിടം തൊട്ട് മമ്മൂട്ടിക്ക് ഈ സിനിമയുമായുള്ള ബന്ധം തുടങ്ങി.
പുറകിൽ കൈ കെട്ടുന്നതും അദ്ദേഹത്തിന്റെ ഐഡിയ ആണ്. കഥാപാത്രമായിട്ട് ജീവിക്കുകയായിരുന്നു. സേതുരാമയ്യർ എന്നു പറഞ്ഞാൽ അത് മമ്മൂട്ടിയാണ്. ഈ പരമ്പരകളെല്ലാം അതാത് കാലത്തെ യുവത്വത്തിനെ കൂടിക്കൂട്ടി ഞങ്ങൾ ചെയ്തതാണ്. ഇപ്പോഴും യുവത്വത്തിന്റെ പിന്തുണയുണ്ട്.
പക്ഷേ അതെവിടെയോ തച്ചുടയ്‌ക്കാൻ ആരോ ശ്രമിക്കുന്നുണ്ട്.
ആദ്യത്തെ ഒന്ന് രണ്ട് ദിവസം നെഗറ്റീവ് ഒപ്പീനിയൻ ഉണ്ടാക്കാൻ ശ്രമിച്ചു. ഒരുപരിധിവരെ അത് നടന്നു. എത്രയോ കാലമായി ഞങ്ങളുടെ കൂടെ ഉള്ള ആളാണ് ജഗതി ശ്രീകുമാർ. സേതുരാമയ്യർ, വിക്രം, ചാക്കോ ഇവർ ജയിക്കാനായി ജനിച്ചവരാണ്. ജയിച്ചിരിക്കണം. എത്ര സീൻ ഉണ്ടെന്നതല്ല അദ്ദേഹത്തിന്റെ സാന്നിദ്ധ്യമാണ് ഇതിൽ വലുത്. '
