
ന്യൂഡൽഹി : ഡീസലിന് വിപണി വിലയേക്കാളും കൂടുതൽ നിരക്ക് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചു. കെ എസ് ആർ ടി സിക്ക് അനുകൂലമായുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കൂടിയ നിരക്ക് ശരിവച്ച ഹൈക്കോടതി വിധി എത്രയും വേഗം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ നില തുടർന്നാൽ കെ എസ് ആർ ടി സിയെ അടച്ച് പൂട്ടേണ്ടി വരുമെന്നും അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലാഭകരമല്ലാത്ത റൂട്ടിൽ പോലും പൊതുജനങ്ങൾക്ക് കെ എസ് ആർ ടി സി യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്. വിപണി വിലയെക്കാളും ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നൽകിയാണ് കെ എസ് ആർ ടി സി ഡീസൽ വാങ്ങുന്നത്. എന്നാൽ കേരളത്തിലെ സ്വകാര്യ ബസുകളിൽ വിപണി വിലയ്ക്ക് ഡീസൽ ലഭിക്കുന്നുണ്ട്. കെ എസ് ആർ ടി സിക്ക് വേണ്ടി അഭിഭാഷകൻ ദീപക് പ്രകാശാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുള്ളത്.
കെ എസ് ആർ ടി സിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ആ മാസം ആറിനാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ അപ്പീലിലാണ് ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ചിന്റെ വിധി.
വൻകിട ഉപഭോക്താവായതിനാൽ എണ്ണക്കമ്പനികൾ കൂടിയ വില ഈടാക്കുന്നതിനെതിരെ കെ എസ് ആർ ടി സി നൽകിയ ഹർജിയിൽ വിപണി വിലയ്ക്ക് ഡീസൽ നൽകാൻ ഏപ്രിൽ 13നായിരുന്നു ഇടക്കാല ഉത്തരവ്. ഈ ആവശ്യം മുമ്പ് സുപ്രീംകോടതി നിരസിച്ചതാണെന്ന് എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതിദിന നഷ്ടം അരക്കോടി
തിരുവനന്തപുരം: വൻകിട ഉപഭോക്താക്കൾക്കുള്ള മൊത്തവിലയ്ക്ക് ഡീസൽ വാങ്ങിയാൽ കെ എസ് ആർ ടി സിക്ക് ദിവസം അരക്കോടിയിലേറെ രൂപ നഷ്ടമുണ്ടാകും. ലിറ്ററിന് 121 രൂപയ്ക്കാണ് വൻകിടക്കാർക്ക് എണ്ണക്കമ്പനികൾ ഡീസൽ നൽകുന്നത്. കേസിൽ തോറ്റതോടെ ഇതേ വിലയ്ക്ക് കെ എസ് ആർ ടി സിക്കും വാങ്ങിയാലാണ് ചെലവ് കൂടുന്നത്. ദിവസം മൂന്നുലക്ഷം ലിറ്ററാണ് വേണ്ടത്. ഇപ്പോൾ 3.10 കോടി രൂപ ചെലവിടുന്നത് 3.60 കോടിയായി ഉയരും.
ദിവസം 98 ലക്ഷം രൂപ ബാങ്കുകൾക്ക് തവണയായി നൽകണം. നിലവിലെ പ്രതിദിന വരുമാനമായ അഞ്ചരക്കോടി രൂപ ഇന്ധനത്തിനും വായ്പാ തിരിച്ചടവിനും തികയാതെ വരും. മാർച്ചിന് ശേഷമാണ് വൻകിടക്കാർക്കുള്ള ഡീസൽവില വർദ്ധിപ്പിച്ചത്.
ഡീസൽവില വർദ്ധനവിനെതിരായ കേസിലെ തോൽവി തത്കാലം കെ എസ് ആർ ടി സിയെ ബാധിക്കില്ല. കാരണം, വൻകിടക്കാർക്ക് വില കൂട്ടിയപ്പോൾ മുതൽ ചെറുകിട വിൽപനയ്ക്കായി യാത്രാഫ്യൂവൽസ് എന്ന പേരിൽ തുറന്ന എട്ടു പമ്പുകളിലെ ഇന്ധനമാണ് ഉപയോഗിക്കുന്നത്. മറ്റു പമ്പുടമകൾക്ക് ലഭിക്കുന്ന വിലയ്ക്കാണ് യാത്രാഫ്യൂവൽസിന് എണ്ണക്കമ്പനികൾ ഡീസൽ നൽകുന്നത്. എണ്ണക്കമ്പനി ടാങ്കറിൽ ഈ പമ്പുകളിൽ ഡീസൽ എത്തിക്കും. അവിടെ നിന്ന് ടാങ്കറുകളിൽ നിറച്ച് ഡിപ്പോകളിലെ പമ്പുകളിലേക്ക് മാറ്റും. വിപണി വിലയെക്കാൾ കുറവിൽ ഡീസൽ ലഭിക്കും. യാത്രാഫ്യൂവൽസിന്റെ പേരിൽ ഡീലർ കമ്മിഷനും ലഭിക്കും.