suicide

കടലൂർ: ഭർതൃഗൃഹത്തിൽ അത്യാവശ്യം സൗകര്യമുള്ള ടോയ്‌ലറ്റ് ഇല്ലാത്തതിൽ മനംനൊന്ത് നവവധു തൂങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിൽ ഇന്നലെയാണ് സംഭവം നടന്നത്. അരിസിപെരിയൻകുപ്പം സ്വദേശിയായ കാർത്തികേയന്റെ ഭാര്യ രമ്യ (27) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു ഇരുവരുടെയും വിവാഹം.

വീടിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് രമ്യ. ഭർത്താവിന്റെ വീട്ടിൽ ടോയ്‌ലറ്റ് ഇല്ലാത്തതിനാൽ വിവാഹശേഷവും സ്വന്തം വീട്ടിൽ തന്നെയാണ് രമ്യ കഴിഞ്ഞിരുന്നത്. ടോയ്‌ലറ്റ് വേണമെന്ന് രമ്യ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും ഇത് വഴക്കിൽ കലാശിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രമ്യയുടെ മാതാവാണ് വീട്ടിലെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ മകളെ കാണുന്നത്. തുടർന്ന് കടലൂർ ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ദ്ധ ചികിത്സക്കായി പോണ്ടിച്ചേരി ജിപ്‌മെർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രമ്യയുടെ അമ്മ മഞ്ജുള നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.