
അമ്മയ്‌ക്കും കുഞ്ഞിനും ബേബി സീറ്റ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഇതുവരെ അമ്മയ്‌ക്കും കുഞ്ഞിനുമായി ഒരു സീറ്റാണ് ട്രെയിനുകളിൽ അനുവദിച്ചിരുന്നത്. ഉത്തര റെയിൽവേയുടെ ലക്‌നൗ ഡിവിഷനിലാണ് പരീക്ഷണാർത്ഥം തേഡ് എസി കോച്ചിൽ രണ്ട് പ്രത്യേക ബർത്തുകൾ ഒരുക്കിയിരിക്കുന്നത്.
12,60 എന്നീ നമ്പറുകളിലാണ് സീറ്റ് അനുവദിച്ചത്. സാധാരണ സീറ്റിനോട് ചേർത്താണ് ബേബി സീറ്റും അവതരിപ്പിച്ചിരിക്കുന്നത്. ആവശ്യം കഴിഞ്ഞാൽ മടക്കി വയ്‌ക്കാൻ കഴിയുന്ന തരത്തിലാണ് ബേബി സീറ്റ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, അമ്മയ്‌ക്കും കുഞ്ഞിനും ഈ ബെർത്ത് ലഭിക്കണമെങ്കിൽ അതനുസരിച്ച് റിസർവേഷനിലും മാറ്റങ്ങൾ കൊണ്ടു വരേണ്ടി വരും.
പരീക്ഷണം വിജയമായാൽ മറ്റു മേഖലകളിലേക്കും ബേബി ബെർത്ത് സംവിധാനം വ്യാപിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. മുമ്പ് തൊട്ടിൽ സംവിധാനം റെയിൽവേ നടപ്പിലാക്കിയിരുന്നുവെങ്കിലും തൊട്ടിലിന്റെ സ്ഥാനവും അമ്മയുടെ സീറ്റും രണ്ട് ഭാഗങ്ങളിലായതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ബേബി സീറ്റ് സംവിധാനം നടപ്പിലാക്കിയാൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും അത് ഏറെ സഹായകരമാകും.