shivkumar-sharma

മുബയ്: നൂറു തന്ത്രികളുള്ള സന്തൂർ എന്ന വാദ്യം കൈയിൽ കിട്ടിയപ്പോൾ സംഗീതജ്ഞനായ ഉമാദത്ത്‌ ശർമ്മയുടെ മനസിൽ ഒരു മോഹം. മകൻ ശിവ്ജിയെ ഈ വാദ്യം പഠിപ്പിക്കണം. അധികം അറിയപ്പെടാത്ത നാടോടി വാദ്യമായ സന്തൂറിൽ മകൻ ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിക്കണം...

അങ്ങനെ എട്ടാം വയസിൽ മകനെ സന്തൂറും പഠിപ്പിക്കാൻ തുടങ്ങി. ഒന്നരവയസുള്ളപ്പോൾ അച്ഛന്റെ പാട്ടിന് ശ്രുതി മൂളിത്തുടങ്ങിയ മിടുക്കനെ അഞ്ചാം വയസിൽ ശിഷ്യനാക്കി തബല പഠിപ്പിക്കാൻ തുടങ്ങിയിരുന്നു. പത്താം വയസു മുതൽ ശിവകുമാർ ശർമ്മ തബലക്കച്ചേരി അവതരിപ്പിച്ചുതുടങ്ങിയിരുന്നു.

പിൽക്കാലത്ത് ആകാശവാണി സംഗീതവിഭാഗം മേധാവിയായ ഉമാദത്ത്‌ ശർമ്മയുടെയും കേസരി ദേവിയുടേയും മകനായി 1938 ജനുവരി 13 ന്‌ ജമ്മുവിലാണ് ശിവകുമാർ ശർമ്മയുടെ ജനനം. ‘ശിവ്‌ജി’ എന്ന വിളിപ്പേരുള്ള ആ കുട്ടി സന്തൂറിൽ ശാസ്‌ത്രീയ സംഗീതത്തിന്റെ ഇതിഹാസമായി വളർന്ന് പിതാവിന്റെ ആഗ്രഹം സാക്ഷാത്കരിച്ചു. സരോദും സിത്താറും പോലെ ഹിന്ദുസ്ഥാനി സംഗീതത്തിൽ ക്ലാസിക് പദവിയുള്ള വാദ്യമാണ് ഇപ്പോൾ ശതതന്ത്രി വീണ എന്ന സന്തൂർ. നാടോടി സംഗീതത്തിൽ നിന്ന് ശാസ്‌ത്രീയ സംഗീതത്തിലേക്ക് പറിച്ചു നട്ടപ്പോൾ തഴച്ചു വളർന്ന വാദ്യം. സന്തൂറിനെ ഒരു ക്ലാസിക്കൽ വാദ്യമാക്കാൻ ശിവകുമാർ ശർമ്മ നിരന്തരം പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. വിദഗ്ദ്ധരുടെ സഹായത്താൽ വാദ്യത്തിന്റെ ശബ്ദവിന്യാസത്തിലും ടോണിലും വരെ മാറ്റങ്ങൾ വരുത്തി. ആലാപനശൈലി ആവിഷ്കരിച്ചു. സന്തൂർ തന്റെ മടിയിൽ കിടന്നാണ് വളർന്നതെന്ന് ശിവകുമാർ ശർമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മുഴുവൻ സമയവും സന്തൂർ സാധനയിൽ മുഴുകിയ അദ്ദേഹം സന്തൂറിന്റെ പര്യായമായി. മേസറാബ് ഹാമർ എന്നറിയപ്പെടുന്ന രണ്ട് ഉപകരണങ്ങളാൽ തന്ത്രികളിൽ മെല്ലെ സ്പർശിക്കുന്ന മഹാസംഗീതജ്ഞന്റെ വാദനത്തിൽ ഹിന്ദുസ്ഥാനിയുടെ ഗിരിശൃംഗങ്ങളിലൂടെ ഒഴുകിയ സന്തൂറിന്റെ മധുരനാദം ആ വാദ്യത്തെ ജനകീയമാക്കുകയും ചെയ്‌തു.

മുംബയിൽ 1955 ൽ ഒരു സംഗീതോൽസവത്തിലെ സന്തൂർ വാദനം ശിവകുമാ‌ർ ശർമ്മയ്ക്ക് സിനിമയിലേക്കുള്ള വാതിൽ തുറന്നു. 1956 ൽ ‘ഝനക് ഝനക് പായൽ ബാജെ’ എന്ന സിനിമയിൽ സന്തൂർ വായിക്കാൻ അവസരം ലഭിച്ചു. 1960 ൽ ആദ്യ സോളോ ആൽബം പുറത്തിറക്കി.

1967 -ൽ പ്രശസ്ത പുല്ലാംകുഴൽ വാദകൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും ഗിത്താർ വാദകൻ ബ്രിജ് ഭൂഷൻ കാബ്രയുമായി ചേർന്ന് ശിവകുമാർ ശർമ്മ പുറത്തിറക്കിയ ‘താഴ്‌വര വിളിക്കുന്നു ’ (കാൾ ഓഫ് ദ് വാലി) എന്ന ആൽബം ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിലെ വൻ വിജയങ്ങളിൽ ഒന്നായിരുന്നു. ചൗരസ്യയുമായിച്ചേർന്ന് 'ശിവ-ഹരി' എന്ന് പ്രശസ്തമായ കൂട്ടുകെട്ട് സംഗീതം നൽകിയ ‘സിൽസില’, ‘ഫാസ്‌ലെ’, ‘ചാന്ദ്‌നി’, ‘ലാംഹേ’, ‘ദാർ’ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി.1996 മുതൽ ശിവകുമാറും മകൻ രാഹുലും നിരവധി വേദികളിൽ കച്ചേരി അവതരിപ്പിച്ചു. ഒട്ടേറെ ആൽബങ്ങളും ഇവർ പുറത്തിറക്കി.