
കോഴിക്കോട് : തൊണ്ടയാട് ബൈപ്പാസിന് സമീപം സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ പറമ്പിൽ 266 വെടിയുണ്ടകൾ പെട്ടികളിലും കവറുകളിലുമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കോട് കുറ്റികുത്തിയതൊടി പറമ്പിലാണ് ഇവ കണ്ടെത്തിയത്. ഉപയോഗിച്ച രണ്ട് വെടിയുണ്ടകളും ഉണ്ട്. റൈഫിളിൽ ഉപയോഗിക്കുന്നവയാണെന്നാണ് പൊലീസ് നിഗമനം.
മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ പറമ്പിന് സമീപം സ്ഥലം അളക്കാനെത്തിയവരാണ് വെടിയുണ്ടകൾ കണ്ടത്.
ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽ ശ്രീനിവാസ്, മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ എം.എൽ. ബെന്നിലാലു എന്നിവരുടെ നേതൃത്വത്തിൽ ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കൂടുതൽ വെടിയുണ്ടകൾ കിട്ടിയത്. അഞ്ച് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമാണ് ഇവയുണ്ടായിരുന്നത്. ഷൂട്ടിംഗ് പരിശീലനത്തിനുള്ള ടാർഗെറ്റ് ബോർഡും കണ്ടെത്തി. തോക്ക് ലൈസൻസ് ഉള്ളവർക്കും റൈഫിൾ ക്ലബുകൾക്കും വാങ്ങാവുന്ന വെടിയുണ്ടകളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു.