fish

തിരുവനന്തപുരം: വിൽക്കാൻ എത്തിച്ച മത്സ്യത്തിൽ പുഴുവരിച്ചെന്ന് നാട്ടുകാരുടെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. 800 കിലോയോളം അഴുകിയ മത്സ്യമാണ് പിടികൂടിയത്. കുന്നത്തുകാൽ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ടീമാണ് മത്സ്യം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യം കുഴിച്ചുമൂടി.

ഇവിടെ നിരന്തരം കേടായ മത്സ്യങ്ങൾ എത്തുന്നതായി പരാതിയുണ്ട്. ഇതിനിടെയാണ് വലിയ അളവിൽ ഇന്ന് കേടായ മത്സ്യം പിടിച്ചത്.

അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്.

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചതനുസരിച്ച് ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 86 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.