
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ കൊളനോസ്‌കോപ്പി പരിശോധന കഴിഞ്ഞു. ജിദ്ദയിലെ കിംഗ് ഫൈസൽ സ്‌പെഷ്യലിസ്‌റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ വൈദ്യപരിശോധന നടന്നതെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു.
ഞായറാഴ്‌ച ഉച്ചയോടെയാണ് കൊളനോസ്‌കോപ്പി പരിശോധന അദ്ദേഹത്തിന് നടത്തിയത്. ആരോഗ്യപ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്ന് വ്യക്തമായിട്ടുണ്ട്. രാജാവ് അൽപനാൾ ആശുപത്രിയിൽ വിശ്രമിക്കണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. അതിനാൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ സൽമാൻ രാജാവ് തുടരും. എന്നാൽ എന്തുകൊണ്ടാണ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതെന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. സൽമാൻ രാജാവിന് എത്രയും വേഗം ആരോഗ്യം പൂർവസ്ഥിതിയിലാകട്ടെയെന്ന് ഗൾഫ് രാജ്യങ്ങളിലെയും മറ്റ് ലോകരാജ്യങ്ങളിലെയും ഭരണാധികാരികൾ ആശംസിച്ചു.