
ചണ്ഡീഗഡ്: ഇക്കഴിഞ്ഞ തിങ്കളാഴ്ച പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന റോക്കറ്റ് ലോഞ്ചർ കണ്ടെടുത്തു. കെട്ടിടത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഇത് കണ്ടെത്തിയത്. ഇത് റഷ്യൻ നിർമിത റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർ പി ജി) 22 ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ആയുധം കണ്ടെടുത്തത്.ഏകദേശം 80 മീറ്റർ മാത്രം അകലെ നിന്നാണ് ഇത് കെട്ടിടത്തിലേക്ക് തൊടുത്തതെന്നാണ് പൊലീസ് ഇന്നലെ വ്യക്തമാക്കിയത്. സ്ഫോടനത്തിൽ ചെറിയ തരത്തിലുള്ള നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ല.
സ്ഫോടനം നടത്താനായി അക്രമികൾക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയെന്ന് സംശയിക്കുന്ന ഫരീദ്ഘോട്ട് സ്വദേശിയായ നിശാൻ സിംഗ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
കാറിലെത്തിയ രണ്ട് പേരാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സംശയമുള്ള രണ്ട് പേരെയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പൊലീസും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചുവരികെയാണ്.
തിങ്കളാഴ്ച രാത്രി 7.45 ഓടെയായിരുന്നു സ്ഫോടനം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫോറൻസിക് വിദഗ്‌ദ്ധരും പരിശോധനകൾ നടത്തുകയാണ്. പഞ്ചാബിന്റെ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ ശ്രമിച്ചവരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മനും പ്രതികരിച്ചു.