sukh-ram

ഷിംല: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പണ്ഡിറ്റ് സുഖ് റാം (94) അന്തരിച്ചു. മേയ് ഏഴ് മുതൽ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു.

ഹിമാചൽ പ്രദേശ് കോൺഗ്രസ് നേതാവും സുഖ് റാമിന്റെ ചെറുമകനുമായ ആശ്രയ് ശർമ്മ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. മുത്തച്ഛനു‌മൊത്തുള്ള ബാല്യകാല ചിത്രവും ശർമ്മ പങ്കുവച്ചിട്ടുണ്ട്.

മേയ് നാലിന് മണാലിയിൽ വച്ച് മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് സുഖ് റാമിനെ മാണ്ഡിയിലെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇവിടെ നിന്ന് വ്യോമമാർഗം ഡൽഹിയിലെ എയിംസിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകുകയായിരുന്നു. മേയ് ഏഴിന്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ ഇടപെട്ടാണ് സുഖ് റാമിനെ ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നതിനായുള്ള ഹെലികോപ്റ്റർ എത്തിച്ചത്.

sukh-ram

1993 മുതൽ 1996 വരെ സ്വതന്ത്ര ചുമതലയുള്ള ആഭ്യന്തര സഹമന്ത്രിയായിരുന്നു സുഖ് റാം. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. അഞ്ച് തവണ നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്ന് തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു.

1984 ൽ രാജീവ്ഗാന്ധി സർക്കാരിൽ മന്ത്രിയായി സുഖ് റാം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963 മുതൽ 1984 വരെ മാണ്ഡിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഹിമാചലിൽ മൃഗക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെ ജർമ്മനിയിൽ നിന്ന് പശുക്കളെ കൊണ്ടുവന്ന അദ്ദേഹത്തിന്റെ തീരുമാനം സംസ്ഥാന കർഷകരുടെ വരുമാനം വർദ്ധിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചുപറ്റിയ സംഭവമായിരുന്നു ഇത്.

पूर्व केंद्रीय मंत्री पंडित सुखराम जी के निधन की खबर बेहद दुखद है, ईश्वर दिवंगत आत्मा को शांति प्रदान करे और शोकाकुल परिवार को इस असहनीय दुख को सहन करने की शक्ति प्रदान करे।
हिमाचल प्रदेश कॉंग्रेस कमेटी शोक संत्पत परिवार के प्रति अपनी गहरी संवेदनाएं व्यक्त करती है। ऊँ शॉंति । pic.twitter.com/aohyfmO9p3

— Himachal Congress (@INCHimachal) May 11, 2022

കേന്ദ്രമന്ത്രിയായിരിക്കെ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടത് രാഷ്ട്രീയ ജീവിതത്തിലെ കരിനിഴലായി. 1996ൽ മാണ്ഡി ലോക്‌സഭാ സീറ്റിൽ നിന്ന് വിജയിച്ച സുഖ് റാമിന് ടെലികോം അഴിമതിയെ തുടർന്ന് തിരിച്ചടികൾ നേരിട്ടു. അദ്ദേഹത്തെയും മകനെയും കോൺഗ്രസിൽ നിന്നും പുറത്താക്കി. കമ്മ്യൂണിക്കേഷൻസ് മന്ത്രിയായിരിക്കെ നടത്തിയ ഈ അഴിമതിക്കേസിൽ 2011ൽ അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.

നിലവിൽ മാണ്ഡിയിൽനിന്നുള്ള ബിജെപി എം.എൽ.എയാണ് സുഖ്റാമിന്റെ മകൻ അനിൽ ശർമ. 2007ലും 2012ലും മാണ്ഡി നിയമസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് അനിൽ ശർമ്മ വിജയിച്ചത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപാണ് സുഖ് റാമും അനിൽ ശർമ്മയും ആശ്രയ് ശർമ്മയും ബിജെപിയിൽ ചേർന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സുഖ് റാം തന്റെ കൊച്ചുമകൻ ആശ്രയ് ശർമ്മയ്‌ക്കൊപ്പം തിരിച്ച് കോൺഗ്രസിലെത്തിയിരുന്നു.