kotiyoor

വടക്കേ മലബാറുകാരുടെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് കൊട്ടിയൂർ വൈശാഖമഹോത്സവം. അക്കരെ കൊട്ടിയൂർ,​ ഇക്കരെ കൊട്ടിയൂർ എന്നീ പേരുകളിൽ രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ബാവലി പുഴയുടെ രണ്ടു കരകളിലായിട്ടാണ് ക്ഷേത്രങ്ങളുള്ളത്.

ഇക്കരെ കൊട്ടിയൂരിൽ സ്ഥിരം ക്ഷേത്രമുണ്ടെങ്കിലും അക്കരെ കൊട്ടിയൂ‌രിൽ വൈശാഖോത്സവത്തോടനുബന്ധിച്ച് മാത്രമാണ് ക്ഷേത്രം കെട്ടുന്നത്. ഇടവമാസത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് ഇവിടെ ഉത്സവം നടക്കുന്നത്. ആ സമയത്ത് ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാകില്ല.

kotiyoor

അക്കരക്കൊട്ടിയൂരിലാണ് മൂലക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയംഭൂവായി മണിത്തറയിൽ ശിവനും അമ്മാറക്കൽത്തറയിൽ പാർവതിയും വസിക്കുന്നുവെന്നാണ് വിശ്വാസം. ഇവിടത്തെ ഉത്സവത്തിനും പ്രത്യേകതയുണ്ട്. മഴക്കാലത്താകും ഉത്സവം നടക്കുക. ഇനി മഴക്കാലമല്ലെങ്കിൽ ഉത്സവം നടക്കുന്ന സമയത്ത് കൃത്യമായി മഴ പെയ്യാറുണ്ടെന്ന് വിശ്വാസികൾ പറയുന്നു. വെള്ളത്തിൽ കൂടി നടന്നാണ് ഇവിടെ ഭക്തരും ആനയും പ്രദക്ഷിണം നടത്തുന്നത്.

ഉത്സത്തിന് എത്തുന്നവർക്ക് ഓടപ്പൂവാണ് പ്രസാദമായി നൽകുന്നത്. വീടുകളിലും വാഹനങ്ങളിലും ഓടപ്പൂ സാന്നിദ്ധ്യമുണ്ടെങ്കിൽ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. ദക്ഷന്റെ യാഗം നടത്തിയ കർമ്മിയായ ഭൃഗുമുനിയുടെ താടിയെന്ന് സങ്കൽപ്പിച്ചാണ് ഇവിടെ ഓടപ്പൂവ് പ്രസാദമായി നൽകുന്നത്.

kotiyoor

നീരെഴുന്നള്ളത്ത് മുതലാണ് വൈശാഖ മഹോത്സവത്തിന് കൊടിയേറുന്നത്. പതിനൊന്നു മാസത്തോളം ഭക്തർക്ക് പ്രവേശനമില്ലാതിരുന്ന അക്കരെ സന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും അടിയന്തിരക്കാരും പ്രവേശിക്കുന്നത് ഇടവമാസത്തിലെ മകം നാളിൽ നടക്കുന്ന നീരെഴുന്നള്ളത്തിനാണ്.

ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും സമുദായി ഭട്ടതിരിപ്പാടിന്റെയും പടിഞ്ഞീറ്റ നമ്പൂതിരിയുടെയും നേതൃത്വത്തിൽ പാരമ്പര്യ ഊരാളന്മാർ ഉൾപ്പെടുന്ന സംഘം രഹസ്യകാനന വഴികളിലൂടെ നടന്ന് മന്ദംചേരിയിലെ കൂവപ്പാടത്തു നിന്നും കൂവയിലയിൽ തീർത്ഥം ശേഖരിച്ച് മണിത്തറയിൽ സ്വയംഭൂവിൽ അഭിഷേകം ചെയ്യുന്നതാണ് നീരെഴുന്നള്ളത്തിലെ പ്രധാന ചടങ്ങ്.

kotiyoor

15ന് നെയ്യാട്ടത്തോടെയാണ് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ തുടങ്ങുന്നത്. 16ന് നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്തിന് ശേഷമാണ് സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശനമുള്ളത്. ഉത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിൽ താത്കാലിക കയ്യാലകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

ഉത്സവകാലത്തേക്ക് മാത്രമായി ഓല, കമുക് തുടങ്ങിയവ ഉപയോഗിച്ച് നാല്പതിലധികം കയ്യാലകൾ നിർമ്മിക്കുന്നത്. ഉത്സവം കഴിയുന്നതോടെ ഇവ പൊളിച്ചു മാറ്റും. വീണ്ടും പതിനൊന്ന് മാസത്തെ കാത്തിരിപ്പിന് ശേഷമാകും ഇവിടെ പൂജകൾ നടക്കുക.

ഉത്സവകാലത്ത് ബാവലിപ്പുഴയിലെ വെള്ളം തടഞ്ഞ് അക്കരെ സന്നിധാനത്തിലെത്തിക്കുന്നതിനുള്ള ബാവലിച്ചിറയും പുഴയ്ക്ക് കുറുകെ മണൽച്ചാക്കുകൾ നിറച്ച് താത്കാലിക നടപ്പാതയും ഒരുക്കിയിട്ടുണ്ട്.

kotiyoor

16ന് രാത്രി മണത്തണയിൽ നിന്ന് നടത്തുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിൽ പ്രവേശിച്ചശേഷമാണ് നിത്യപൂജകളും ദർശനവും ആരംഭിക്കുന്നത്. ഭണ്ഡാരം എഴുന്നള്ളത്തിനുശേഷം സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾക്ക് അക്കരെ സന്നിധിയിൽ ദർശനം നടത്താം. ജൂൺ ആറിന് മകംനാൾ ഉച്ചശീവേലി വരെയാണ് സ്ത്രീകൾക്ക് പ്രവേശനം. 21നാണ് തിരുവോണം ആരാധനയും ഇളനീർ വെപ്പും.

22ന് സുപ്രധാന ചടങ്ങായ ഇളനീരാട്ടം നടത്തും.അഷ്ടമി ആരാധനയും അന്നു നടക്കും. 26ന് രേവതി ആരാധന, 31ന് രോഹിണി ആരാധന.ജൂൺ രണ്ടിന് തിരുവാതിര ചതുശ്ശതവും, മൂന്നിന് പുണർതം ചതുശ്ശതവും, അഞ്ചിന് ആയില്യം ചതുശ്ശതവും. ആറിന് മകം കലംവരവ്.ഒൻപതിന് അത്തം ചതുശ്ശതവും വാളാട്ടവും. ജൂൺ 10ന് തൃക്കലശാട്ട്.