
ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ പ്രസിഡന്റ് മസ്തിഷ്ക രോഗത്തിന് ചികിത്സ തേടിയെന്ന് റിപ്പോർട്ട്. മസ്‌തിഷ്‌കത്തെ ഗുരുതരമായി ബാധിക്കുന്ന സെറിബ്രൽ അന്യൂറിസം എന്ന രോഗമാണ് ഷീ ജിൻപിംഗിനെ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
രോഗാവസ്ഥ രൂക്ഷമായതിനെത്തുടർന്ന് പ്രസിഡന്റിനെ 2021 അവസാനത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ഈ രോഗത്തിന്റെ പ്രധാന ചികിത്സാ വിധികളിലൊന്നായ ശസ്ത്രക്രിയയ്ക്ക് പകരം പരമ്പരാഗത ചൈനീസ് ചികിത്സ സ്വീകരിക്കാനാണ് ഷീ ജിൻപിംഗിന്റെ തീരുമാനമെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2019ൽ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഷീ ജിൻപിംഗ് ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നത്. 2019ലെ ഇറ്റലി സന്ദർശനത്തിൽ ഷീ ജിൻപിംഗ് നടക്കാൻ ബുദ്ധിമുട്ടിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മാത്രമല്ല അതേവർഷം നടത്തിയ ഫ്രാൻസ് സന്ദർശനത്തിൽ ഇരിക്കുന്നതിനായി ജിൻപിംഗ് പരസഹായം തേടിയതും സംസാരവിഷയമായി. പ്രസംഗങ്ങളിൽ വളരെ പതിയെ മാത്രം സംസാരിക്കുന്നതും ഇടക്കിടെ ചുമയ്ക്കുന്നതും സംശയങ്ങൾ ഉയർത്തിയിരുന്നു.
ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത നിലനിൽക്കേയാണ് ഷീ ജിൻപിംഗിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ പുറത്തുവരുന്നത്. മാത്രമല്ല രാജ്യം കണ്ട ഏറ്റവും വലിയ കൊവിഡ് വ്യാപന പ്രതിസന്ധിയാണ് ചൈന നേരിട്ടു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൈനയിലെ തന്ത്രപ്രധാനമായ നഗരങ്ങളായ ബീജിംഗിലും ഷാങ്‌ഹായിലും കടുത്ത ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യയുമായി കിഴക്കൻ ലഡാക്കിൽ ഉൾപ്പടെ അതിർത്തി തർക്കങ്ങളും നിലനിൽക്കുന്നു. ഇന്ത്യ - ചൈന ബന്ധം സൗഹൃദപൂർവമാകണമെങ്കിൽ യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ് ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു. രണ്ടു വർഷം മുമ്പ് അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തിയ കൈയേറ്റത്തെത്തുടർന്ന് വഷളായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായിരുന്നു ചൈനീസ് മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം.
എന്താണ് സെറിബ്രൽ അന്യൂറിസം?
തലച്ചോറിലെ രക്തക്കുഴലുകളുടെ ഭിത്തിയിലെ ദുർബലമായ ഭാഗത്ത് മുഴ ഉണ്ടാകുന്ന അവസ്ഥയാണ് മസ്തിഷ്ക അന്യൂറിസം (സെറിബ്രൽ അന്യൂറിസം അല്ലെങ്കിൽ ഇൻട്രാക്രാനിയൽ അന്യൂറിസം). മസ്തിഷ്ക അന്യൂറിസം വികസിക്കുകയും രക്തക്കുഴലുകളുടെ മതിൽ വളരെ നേർത്തതായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത് പൊട്ടി തലച്ചോറിന് ചുറ്റുമുള്ള സ്ഥലത്തേക്ക് രക്തം ഒഴുകും. ഇത് മരണത്തിലേക്ക് വരെ നയിക്കുന്നു.
ബലക്കുറവുള്ള രക്തക്കുഴലുകളോടെ ജനിക്കുന്നവർക്ക് അന്യൂറിസം രോഗസാദ്ധ്യത വളരെ കൂടുതലാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പുകവലി, ഉയർന്ന രക്ത സമ്മർദ്ദം, കുടുംബാംഗങ്ങളിൽ ഇതേ രോഗം ഉള്ളവർ, തലയിൽ ഏൽക്കുന്ന പരിക്ക് തുടങ്ങയവ അന്യൂറിസത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.