
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
കൊവിഡ്-19 വ്യാപനം തടയുന്നതിനും രോഗികളായവരെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരാനും രാപകലില്ലാതെ അധ്വാനിക്കുന്നവരാണ് 'ഭൂമിയിലെ മാലാഖമാർ' എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന നഴ്സുമാർ.അവരെ ആദരിക്കുകയും അംഗീകരിക്കുയും ബഹുമാനിക്കുകയും ചെയ്യുന്ന ദിനമാണിന്ന്.
പ്രയാസങ്ങൾ നിറഞ്ഞ കോവിഡുകാലം
കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരിൽ പലരും മാനസികമായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും ചിരിച്ചുകൊണ്ടാണ് രോഗികൾക്കു മുന്നിലെത്തുന്നത്.എന്നാൽ, നഴ്സുമാരുടെ പ്രശ്നങ്ങൾ പലപ്പോഴും നാം കാണാതെ പോവുകയാണ്,പ്രത്യേകിച്ച് കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സുമാരുടെ ബുദ്ധിമുട്ടുകൾ.പലരും മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിട്ടു വരികയാണ്.കൂടെ ജോലി ചെയ്യുന്നവർക്ക് കോവിഡ് സ്ഥരീകരിച്ചെന്നറിയുന്നത് ഷിഫ്റ്റ് മാറി ഡ്യൂട്ടിക്കെത്തുമ്പോഴായിരിക്കും.അതിനാൽ ഏതുസമയവും അത് നേരിടാനുള്ള തയ്യാറെടുപ്പിലാണ് ജോലി ചെയ്യുന്നത്.സഹപ്രവർത്തകർക്ക് കൊവിഡ് ബാധിക്കുമ്പോൾ ആശങ്കയോടെ മാത്രമേ അവയെല്ലാം നോക്കിക്കാണാൻ സാധിക്കൂ.ബുദ്ധിമുട്ടുകൾ വീട്ടുകാരെ അറിയിച്ചാൽ അവരെയും വിഷമത്തിലാക്കുമെന്നതിനാൽ പലരും അറിയിക്കാറില്ല.കൊവിഡ് രോഗികളെ പരിചരിക്കുമ്പോൾ രോഗത്തെക്കാൾ രോഗിക്കാണ് ഞാൻ ഉൾപ്പെടെ നഴ്സുമാർ മുൻഗണന നൽകുന്നത്. പ്രോട്ടോക്കോൾ അനുസരിച്ച്, രോഗീസമ്പർക്കം പരമാവധി കുറയ്ക്കണം.പക്ഷേ, പലപ്പോഴും അത് സാധിക്കില്ല എന്നതാണ് സത്യം.ധൈര്യത്തോടെ പ്രവർത്തിക്കാൻ ആത്മവിശ്വാസം വളരെ പ്രധാനമെന്ന് കൂടുതൽ തിരിച്ചറിഞ്ഞത് കൊവിഡ് കാലത്താണ്.
കുവൈറ്റ് ആരോഗ്യവകുപ്പിന്റെ
പ്രശംസ
തുല്യതയില്ലാത്ത വെല്ലുവിളിക്ക് മുന്നിൽ ലോകം പകച്ചുനിന്നപ്പോൾ മുന്നിൽനിന്ന് നേരിട്ടവരെ ഏറെ പരിഗണിച്ച നിലപാടാണ് കുവൈറ്റ് ആരോഗ്യവകുപ്പിന്.ഡോക്ടർമാരും നഴ്സുമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട കുവൈറ്റിലെ ആരോഗ്യപ്രവർത്തകരും സവിശേഷ പരാമർശം അർഹിക്കുന്നു. കഴിവും കാര്യപ്രാപ്തിയും അർപ്പണ മനോഭാവവും കൈമുതലാക്കി അവർ നടത്തുന്ന സേവനത്തെ കുവൈത്ത് ആരോഗ്യമന്ത്രാലയവും സ്വദേശികളും വിദേശികളും ഉൾപ്പെട്ട രാജ്യനിവാസികളും ആദരവോടെ കാണുന്നു.ലോകത്തിലെ ഏറ്റവും കഴിവും കാര്യക്ഷമതയുമുള്ള നഴ്സുമാർ എന്ന ബഹുമതിക്ക് ഒത്ത പ്രവർത്തനമാണ് ഈ കോവിഡ് കാലത്ത് മലയാളി നഴ്സുമാർ കാഴ്ചവെക്കുന്നത്.അതുകൊണ്ടുതന്നെ കുവൈത്തിൽ കോവിഡ് വാർഡുകൾ ഉൾപ്പെടെ നിർണായക സ്ഥലങ്ങളിലെല്ലാം മലയാളി നഴ്സുമാരെയാണ് വിന്യസിക്കുന്നത്.എടുത്താൽ പൊങ്ങാത്ത ജോലിഭാരം കൊണ്ട് തളരുന്നുണ്ട് അവർ.ജീവഭയം മാറ്റിവെച്ചാണ് കോവിഡിന്റെ തുടക്കകാലത്ത് അവർ കൊലയാളി വൈറസിനെ ധീരതയോടെ നേരിട്ടത്. ആ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചവരും നിരവധി. പേഴ്സനൽ പ്രൊട്ടക്ഷൻ ഇക്വിപ്മെൻറ് (പി.പി.ഇ) കിറ്റിനകത്ത് 12 മണിക്കൂർ വിയർത്തുകുളിച്ച് വീർപ്പുമുട്ടി ചെയ്യുന്നതുതന്നെ ത്യാഗമാണ്.12 മണിക്കൂർ കിറ്റിനകത്ത് നിൽക്കേണ്ടിവരുമ്പോൾ ശുചിമുറികളിൽ പോകുന്നത് പോലും അസാധ്യമാണ്.പരിചരണത്തിനപ്പുറം രോഗികളുടെ വ്യക്തിപരമായ കാര്യത്തിലടക്കം പുലർത്തുന്ന കരുതലിൽ മലയാളി നഴ്സുമാർ മാതൃകയാണ്.വാക്സിനേഷൻ കേന്ദ്രങ്ങളിലും മലയാളി നഴ്സുമാരാണ് താരം.ഒരു തുള്ളിപോലും പാഴാക്കാതെയും ഓരോരുത്തരുടെയും ആരോഗ്യാവസ്ഥയും രോഗചരിത്രവുമെല്ലാം സൂക്ഷ്മമായി ചോദിച്ചറിഞ്ഞും സൂക്ഷ്മതയോടെയാണ് അവർ വാക്സിൻ നൽകുന്നത്.33 ലക്ഷത്തിലേറെ പേർക്ക് കുത്തിവെപ്പെടുത്തിട്ടും പിഴവിന്റെയോ ഗുരുതരമായ പാർശ്വഫലങ്ങളുടെയോ ഒറ്റ റിപ്പോർട്ട് പോലും കുവൈറ്റിൽ ഇല്ല.വാക്സിൻ ഗുണമേന്മക്കൊപ്പം നഴ്സുമാരുടെ ജാഗ്രതയും ഇതിൽ എടുത്തുപറയേണ്ടതാണ്.മൊബൈൽ വാക്സിനേഷൻ യൂനിറ്റുകളുടെ ഭാഗമായി ഫീൽഡിലും അവർ സജീവമാണ്.
വ്യക്തിപരമായ ത്യാഗങ്ങളുടേത് കൂടിയാണ് ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം കോവിഡ് കാലം.കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ അവധി മരവിപ്പിച്ചിരിക്കുകയാണ് അധികൃതർ.കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളേക്കാൾ ആധി വീട്ടിലുള്ള കുഞ്ഞുങ്ങളെ പറ്റിയായിരുന്നു.പലരും കുട്ടികളെ ബന്ധുവീടുകളിലാക്കി.ജീവൻ രക്ഷിക്കാനുള്ള സാമൂഹിക ദൗത്യം എന്ന നിലയിൽ കാണുന്നത് കൊണ്ടാണ് പ്രയാസം സഹിച്ചും ആരോഗ്യ ജീവനക്കാർ കഠിനാധ്വാനം ചെയ്യുന്നത്.
മഹത്വം മനസ്സിലാക്കുന്ന നിമിഷം
സമൂഹത്തിൽ ഒരു നഴ്സിനു കിട്ടുന്ന ബഹുമാനം തന്നെയാണ് പ്രൊഫഷൻ എന്ന നിലയ്ക്ക് നഴ്സിംഗ് എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.രോഗം ബാധിച്ചു മുൻപിലെത്തുന്നവരുടെ പ്രതീക്ഷയുള്ള നോട്ടവും രോഗം ഭേദമാകുമ്പോഴുള്ള കണ്ണിലുള്ള പുഞ്ചിരിയും നന്ദിവാക്കും തന്നെയാണ് ഈ പ്രൊഫഷനെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നത്.എല്ലാത്തിനുമുപരി ഇതും ഒരു തൊഴിലാണ്.ദിനംപ്രതി എത്തുന്ന രോഗികളെ ആദ്യം കാണുന്ന ആരോഗ്യപ്രവർത്തകരാണ് ഞങ്ങൾ.അവരുടെ ആകുലതകൾ ആദ്യമായി കേൾക്കുന്നവരാണ്.വാർഡിൽ അവരുടെ പരാതികൾ കേൾക്കാനായി 24മണിക്കൂറും കൂടെയുള്ളവരാണ്. ദൈന്യതകൾക്കൊടുവിൽ അവരുടെ മുഖത്തു വിരിയുന്ന പുഞ്ചിരി ആദ്യമായി കാണുന്നവരാണ്.
ആ പുഞ്ചിരികൾ,നല്ല വാക്കുകൾ ഞങ്ങളിൽ ഉണ്ടാക്കുന്ന ഒരു മാജിക് ഉണ്ട്. ഈ പ്രൊഫഷനോടുള്ള സ്നേഹം തോന്നിപ്പിക്കുന്ന മാന്ത്രികത.നീണ്ട ആശുപത്രി വാസത്തിനുശേഷം ഡിസ്ചാർജ് വാങ്ങി മടങ്ങുമ്പോൾ നമ്മളോട് യാത്ര പറയാനായി കാത്തുനിൽക്കും ചിലർ.പോകുന്ന പോക്കിൽ അവർ മനസ്സിന് തരുന്ന വല്ലാത്തൊരു കുളിർമയുണ്ട്.ചികിത്സയോടൊപ്പം,മരുന്നിനോടൊപ്പം അവരാഗ്രഹിക്കുന്ന എന്തോ ഒന്ന് കൂടി അവർക്ക് കൊടുക്കാൻ നമ്മുടെ കൈയിൽ ആരോ എന്നോ ഏൽപ്പിച്ചു വച്ചിട്ടുണ്ട് എന്നൊരു തോന്നൽ.ഒരു രോഗിക്കും നഴ്സിനുമിടയിൽ അവർക്ക് മാത്രം മനസ്സിലാകുന്ന അവർക്ക് മാത്രം അനുഭവിക്കാൻ പറ്റുന്ന ആദൃശ്യമായ ഊർജം.നല്ല ആരോഗ്യപ്രവർത്തകരെ സൃഷ്ടിക്കുന്നത് മാന്യമായ തൊഴിൽ സാഹചര്യങ്ങളാണ്.കരഘോഷങ്ങൾക്ക് പകരം കൂടുതൽ തസ്തികകളും നിയമനങ്ങളും അടിസ്ഥാന ചികിത്സാ സൗകര്യങ്ങളും ഉണ്ടാകട്ടെ.ഒരു നഴ്സും ദൈവമല്ല...തൊഴിലാളിയാണ്...അതിലുപരി മനുഷ്യനാണ്.
(ലേഖകൻ കുവൈറ്റിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽ കെ.ഒ.സി ഹോസ്പിറ്റലിൽ രെജിസ്‌റ്റേർഡ് നഴ്‌സായി ജോലി നോക്കുന്നു).