modi-on-technology-day

ന്യൂഡൽഹി: 1998ൽ പൊഖ്റാനിൽ നടന്ന ആണവ പരീക്ഷണങ്ങൾ വിജയകരമാക്കിയ പ്രഗത്ഭരായ ശാസ്ത്രജ്ഞർക്കും അവരുടെ പ്രയത്നങ്ങൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ സാങ്കേതിക ദിനമായ (നാഷണൽ ടെക്നോളജി ഡേ) ഇന്ന് ട്വിറ്ററിൽ 1998ലെ ആണവപരീക്ഷണങ്ങളുടെ ഒരു വീഡിയോ പങ്ക് വച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് നന്ദി അറിയിച്ചത്.

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ മാതൃകാപരമായ നേതൃത്വത്തെയും അദ്ദേഹം അനുസ്മരിച്ചു. വാജ്പേയി അസാമാന്യമായ രാഷ്ട്രീയ ധൈര്യവും രാഷ്ട്ര തന്ത്രവുമാണ് പ്രകടിപ്പിച്ചതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

Today, on National Technology Day, we express gratitude to our brilliant scientists and their efforts that led to the successful Pokhran tests in 1998. We remember with pride the exemplary leadership of Atal Ji who showed outstanding political courage and statesmanship. pic.twitter.com/QZXcNvm6Pe

— Narendra Modi (@narendramodi) May 11, 2022

ഇന്ന്, ദേശീയ സാങ്കേതിക ദിനത്തിൽ, 1998-ലെ പൊഖ്‌റാൻ പരീക്ഷണങ്ങൾ വിജയിപ്പിക്കുന്നതിന് കാരണമായ നമ്മുടെ മിടുക്കരായ ശാസ്ത്രജ്ഞർക്കും അവരുടെ പ്രയത്‌നങ്ങൾക്കും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. മികച്ച രാഷ്ട്രീയ ധീരതയും രാഷ്ട്രതന്ത്രവും പ്രകടിപ്പിച്ച അടൽ ജിയുടെ മാതൃകാപരമായ നേതൃത്വത്തെ ഞങ്ങൾ അഭിമാനത്തോടെ ഓർക്കുന്നുവെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

രാജസ്ഥാൻ താർ മരുഭൂമിയിലെ ഇന്ത്യൻ കരസേനയുടെ പൊഖ്റാൻ ടെസ്റ്റ് റേഞ്ച് പ്രദേശത്ത് നടത്തിയ അഞ്ച് പരീക്ഷണ സ്ഫോടനങ്ങളുടെ ഒരു പരമ്പരയായിരുന്നു പൊഖ്‌റാൻ-II പരീക്ഷണങ്ങൾ. ഇതിനെ ഓപ്പറേഷൻ ശക്തിയെന്നാണ് വിശേഷിപ്പിക്കുന്നത്.

modi-on-technology-day

1974 മേയ് മാസത്തിലെ ചിരിക്കുന്ന ബുദ്ധൻ എന്ന പരീക്ഷണങ്ങൾക്ക് ശേഷം രണ്ടാം തവണയാണ് ഇന്ത്യ 1998ലെ ആണവ പരീക്ഷണം നടത്തിയത്. ഈ രണ്ട് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതോടെ ലോകത്തിലെ ആണവ ശക്തിയാകുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.

പൊഖ്റാൻ-II ആണവ പരീക്ഷണങ്ങളുടെ വാർഷികത്തിന്റെ ഓർമയായാണ് എല്ലാ വർഷവും മേയ് 11 ദേശീയ സാങ്കേതിക ദിനമായി ആചരിക്കുന്നത്. സുസ്ഥിര ഭാവിയ്ക്കായുള്ള ശാസ്ത്ര സാങ്കേതിക വിദ്യയുടെ സംയോജിത സമീപനം എന്നതാണ് ഇത്തവണത്തെ സാങ്കേതിക ദിനത്തിന്റെ ആശയം.