
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച കെ വി തോമസിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കെ വി തോമസിന്റെ പ്രഖ്യാപനം തമാശയാണെന്നും നടപടിയെടുക്കുന്ന കാര്യം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസുകാരനായിരിക്കുകയും സി പി എമ്മിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നത് ഒന്നൊന്നര തമാശയാണ്. തൃക്കാക്കരയിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമ തോമസ് തന്നെ വിജയിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം, കെ വി തോമസ് കമ്മ്യൂണിസ്റ്റായിക്കഴിഞ്ഞെന്നും ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
തൃക്കാക്കരയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ജോ ജോസഫിനുവേണ്ടി വോട്ട് തേടുമെന്നും താനൊരു കോൺഗ്രസുകാരൻ തന്നെയായിരിക്കുമെന്നും അൽപം മുമ്പ് കെ വി തോമസ് വ്യക്തമാക്കിയിരുന്നു.