
ഒട്ടനവധി ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് തലവേദന. സെക്‌സും തലവേദനയും തമ്മിൽ ബന്ധമുണ്ടോ എന്നത് പലരുടെയും സംശയമാണ്. കുറെയേറെ നാളുകളായി ഗവേഷകർ ഈ വിഷയത്തിൽ പഠനം നടത്തി വരികയാണ്. ചില ആളുകളിൽ തലവേദന കുറയ്ക്കാൻ സെക്‌സിന് സാധിക്കുമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. എന്നാൽ ഈ അവകാശവാദങ്ങൾക്കുള്ള ശാസ്ത്രീയ തെളിവുകൾ ദുർബലമാണ്.
തലവേദന ലഘൂകരിക്കാൻ സെക്‌സ് സഹായിച്ചുവെന്ന് 2006ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നുണ്ട്. 2013ൽ ഒരു തലവേദന ക്ലിനിക്കിൽ രജിസ്റ്റർ ചെയ്ത 1,000 പേരെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു സംഘം ഗവേഷകർ ഈ വിഷയത്തിൽ പഠനം നടത്തിയിരുന്നു. ഇവർക്ക് ഗവേഷകർ ചോദ്യാവലി അയച്ചുനൽകി. 1000 പേരിൽ 800 പേർക്ക് മൈഗ്രെയ്‌നും 200 പേർക്ക് ക്ലസ്‌റ്റർ തലവേദനയും അനുഭവപ്പെട്ടിരുന്നു. തലയുടെ ഒരു വശത്തോ ഒരു കണ്ണിലോ ചുറ്റുപാടിലോ കഠിനമായ വേദനയുണ്ടാകുന്നതിനെയാണ് ക്ലസ്റ്റർ തലവേദന എന്ന് വിളിക്കുന്നത്.
ചോദ്യാവലിയോട് പ്രതികരിച്ച മൈഗ്രേൻ ബാധിച്ച 304 പേരിൽ 34% പേരും മൈഗ്രേൻ ഉണ്ടായിരുന്നപ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നവരാണ്. ഇതിൽ 60% പേരും തങ്ങളുടെ മൈഗ്രേൻ കുറഞ്ഞതായി വ്യക്തമാക്കി. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവരിൽ 33% പേർക്ക് മൈഗ്രേൻ ലക്ഷണങ്ങൾ വഷളായതായി പഠനത്തിൽ പറയുന്നു.

ചോദ്യാവലിയോട് പ്രതികരിച്ച ക്ലസ്റ്റർ തലവേദനയുള്ള 96 പേരിൽ 31% പേർ തലവേദനയ്‌ക്കിടയിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇവരിൽ 37% ആളുകൾ ക്ലസ്റ്റർ തലവേദന മെച്ചപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവരിൽ 50% പേർ തങ്ങളുടെ ക്ലസ്റ്റർ തലവേദന ലക്ഷണങ്ങൾ വഷളായതായി വ്യക്തമാക്കി.
സെക്‌സിനിടെ എൻഡോർഫിൻ, ഡോപാമൈൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് പ്രകൃതിദത്ത വേദന സംഹാരി കൂടിയാണ്. മാനസിക പിരിമുറുക്കങ്ങൾ അകറ്റാനും ഈ ഹോർമോണുകൾ സഹായിക്കുന്നു. തലച്ചോറിന്റെ സ്വാഭാവിക വേദന കുറയ്ക്കുന്നതിന് എൻഡോർഫിൻ ഹോർമോൺ സഹായിക്കുന്നതായി അസോസിയേഷൻ ഒഫ് മൈഗ്രേൻ ഡിസോർഡേഴ്‌സ് പറയുന്നു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തലവേദന കുറയ്ക്കുമെന്ന് സൂചിപ്പിക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന് ശാസ്ത്രലോകം പറയുന്നുണ്ട്. സെക്‌സ് ചില ആളുകളിൽ തലവേദന ഉണ്ടാക്കുമെന്നും മറ്റുള്ളവരിൽ തലവേദന വഷളാക്കുമെന്നും ചില തെളിവുകൾ നിരത്തി ഒരു വിഭാഗം ഗവേഷകർ വാദിക്കുന്നുണ്ട്.
സെക്‌സിനിടയിലോ അല്ലാത്ത സമയത്തോ പതിവായി തലവേദന അനുഭവിക്കുന്നവർ വെെദ്യസഹായം തേടേണ്ടതാണ്. മറ്റ് രോഗലക്ഷണങ്ങൾക്കൊപ്പം പെട്ടെന്ന് കഠിനമായ തലവേദന അനുഭവപ്പെടുന്നവരും അടിയന്തിര വൈദ്യസഹായം തേടണം.