
മുസ്ലിം പെൺകുട്ടിയെ വേദിയിൽ കയറുന്നത് വിലക്കിയ സമസ്ത നേതാവിന്റെ നടപടിക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വൻപ്രതിഷേധമാണുയരുന്നത്. ഇപ്പോഴിതാ ചലച്ചിത്ര പ്രവർത്തകയായ ഐഷ സുൽത്താനയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്നും മാറ്റി നിറുത്താനുള്ള അധികാരം ആർക്കുമില്ലെന്നാണ് ഐഷ കുറിപ്പിൽ പങ്കുവയ്‌ക്കുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും സ്ത്രീകൾ സമൂഹത്തിന്റെ ഭാഗമാണെന്നുമാണ് ഇസ്ലാമിൽ പറയുന്നതെന്നും അവർ വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം...
ഒരു മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്നും മാറ്റി നിർത്താനുള്ള അധികാരമൊന്നും ആർക്കുമില്ല... കാരണം... ഇതൊരു ജനാധിപത്യ രാജ്യമാണ് ഇനി ഇപ്പൊ മതമാണ് പ്രശ്നമെങ്കിൽ ഇസ്ലാം മതത്തിൽ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നത് എങ്ങനെയെന്നുള്ളത് അറിയില്ലേ...?
1: സ്ത്രീകൾ സമൂഹത്തിന്റെ ഭാഗമാണെന്നാണ് ഇസ്ലാമിൽ പറയുന്നത്...
2: ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ്....
3: സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും ഇസ്ലാം മതത്തിൽ പഠിപ്പിക്കുന്നു...
4: ഒരു സ്ത്രീ കല്യാണം കഴിക്കുവാണേൽ അവളുടെ ഭർത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ആ സ്ത്രീക്ക് മാത്രമാണ്...
ഇത്രയും അവകാശങ്ങൾ സ്ത്രീകൾക്ക് ഇസ്ലാം മതം കൊടുക്കുമ്പോൾ, വേദിയിൽ നിന്നും പെൺകുട്ടികളെ മാറ്റി നിർത്തണം എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ പറഞ്ഞത് ? മനുഷ്യർക്ക് തെറ്റ് പറ്റാം, അത് സ്വാഭാവികം. പക്ഷെ അത് തെറ്റെന്നു മനസിലായാൽ ഉടനെ തിരുത്തേണ്ടതുമാണ്...
പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണ്... ഇല്ലേൽ ഈ സമൂഹത്തിലെ ആളുകൾക്കിടയിൽ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകും..