dog

വളർത്തുമൃഗങ്ങളെ പരിപാലിച്ച്, സ്വയം പാചകം ചെയ്ത് അറുപത്തിയാറ് ദിവസം ഒരു പതിമൂന്നുകാരന് വീട്ടിൽ ഒറ്റയ്ക്ക് താമസിക്കാൻ പറ്റുമോ? പറ്റില്ലെന്ന് പറയാൻ വരട്ടെ. അത്തരത്തിലൊരു സംഭവമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാതാപിതാക്കൾ കൊവിഡ് ലോക്ക്ഡൗണിൽ കുടുങ്ങിയതോടെയാണ് രണ്ട് മാസത്തിലധികം കുട്ടിക്ക് ഒറ്റയ്ക്ക്‌ ജീവിക്കേണ്ടി വന്നത്.

പിതാവിന്റെ ചികിത്സയ്ക്കായി ഫെബ്രുവരി 28നാണ് പതിമൂന്നുകാരന്റെ മാതാപിതാക്കൾ ഷാങ്ഹായിലേക്ക് പോയത്. ലോക്ക്ഡൗണിൽ കുടുങ്ങിയ അവർക്ക് ഏപ്രിൽ അവസാനത്തോടെ മാത്രമേ ജിയാങ്സു പ്രവിശ്യയിലെ കുൻഷാനിലുള്ള അവരുടെ വീട്ടിലേക്ക് മടങ്ങാൻ സാധിച്ചുള്ളൂ. ഈ സമയം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്ത്, വളർത്തു പൂച്ചയെയും നായയെയും പരിപാലിച്ചും കുട്ടി രണ്ട് മാസത്തോളം ഒറ്റയ്ക്ക് ജീവിച്ചു.

മകനും വളർത്തുമൃഗങ്ങളും നന്നായി തടിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ മാതാവ് ഷൂവ് പറയുന്നു. മാർച്ചിൽ തന്റെ മകന് ഭക്ഷണം എത്തിക്കാൻ ഷുവിന് കഴിഞ്ഞിരുന്നു. എന്നാൽ ഏപ്രിലിൽ കുൻഷാനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണമെത്തിക്കാൻ കഴിഞ്ഞില്ല.

മകനെയോർത്ത് അമ്മ വിഷമിക്കുമ്പോൾ, അവൻ അവരെ ആശ്വസിപ്പിച്ചു, 'നിങ്ങൾ എന്തിനാണ് കരയുന്നത്? വിഷമിക്കേണ്ട കാര്യമില്ല. പാചകം ചെയ്യാൻ എന്നെ പഠിപ്പിക്കൂ'-എന്നായിരുന്നു മറുപടി. അങ്ങനെ ഫോണിലൂടെ എല്ലാം അവർ മകനെ പഠിപ്പിച്ചു. മാതാപിതാക്കൾ വീട്ടിൽ നിന്ന് പോകുന്നതിന് മുമ്പ് കുറച്ച് ഭക്ഷണ സാധനങ്ങൾ വാങ്ങിച്ചുവച്ചിരുന്നു.

കുട്ടി പൂച്ചയേയും നായയേയും കുളിപ്പിക്കുകയും ചെയ്തു. എന്നാൽ തിരിച്ചെത്തിയ മാതാപിതാക്കൾ വീടിന്റെ അവസ്ഥ കണ്ട് ഞെട്ടി. 'ഞങ്ങൾക്ക് കാലു കുത്താൻ പോലും സ്ഥലമില്ലായിരുന്നു. പക്ഷെ എനിക്ക് ഒട്ടും ദേഷ്യം വന്നില്ല. എന്റെ ഹൃദയം അവനെ ഓർത്ത് വേദനിച്ചു. എന്റെ മകൻ പൊതുവെ മടിയനാണ്. എന്നിട്ടും എല്ലാം ചെയ്തു.' ഷൂവ് പറഞ്ഞു.