
തിരുവനന്തപുരം: തിത്തി ത്തെയ് ...എന്ന സ്‌നേഹ താളത്തിൽ തുടങ്ങി പഞ്ചാരിമേളത്തിന്റെ അഞ്ചാംകാലവും തക്കിട തരികിടയും ഗണപതിക്കൈയുമൊക്കെ കൊട്ടിക്കയറി ഭിന്നശേഷിക്കുട്ടികളെ മേളപ്പെരുമയിൽ ആറാടിച്ച് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവുമാണ് ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്കായി സനേഹതാളം പരിപാടിയിൽ മേളം അവതരിപ്പിച്ചത്. ഡിഫറന്റ് ആർട്ട് സെന്ററിൽ എത്തിയ 100 കുട്ടികൾക്ക് ചെണ്ട പരിശീലന ക്ലാസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്. സെന്ററിലെ ഭിന്നശേഷിക്കുട്ടികളായ മുഹമ്മദ് ഇർഫാൻ, ആദർശ് മഹേന്ദ്രൻ എന്നിവർക്ക് ചെണ്ടവാദനത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകി ആദ്യക്ലാസിന് തുടക്കമിട്ടു. മട്ടന്നൂരിനോടൊപ്പം മകൻ മട്ടന്നൂർ ശ്രീകാന്ത്, ശിഷ്യന്മാരായ വെള്ളിനേഴി ആനന്ദ്, മട്ടന്നൂർ അജിത് മാരാർ, എൻ.പി.എസ് കുട്ടി, കൊട്ടാരം ബിനു, ഇരിങ്ങാലക്കുട വിഷ്ണു എന്നിവർ പങ്കാളികളായി. സെന്ററിലെ നിലവിലുള്ള ഭിന്നശേഷിക്കുട്ടികളൊരുക്കിയ ചെണ്ടമേളവും വൈവിദ്ധ്യമായി.ഇതോടനുബന്ധിച്ച് നടന്ന സ്‌നേഹതാളം ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട വ്യക്തികൾക്കുവേണ്ടി തന്റെ കരിയർ പോലും ത്യജിച്ച ഗോപിനാഥ് മുതുകാട് മഹാഭാരതത്തിലെ ഭീഷ്മർക്ക് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ ഷൈനിമോൾ.എം, മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡി.എ.എ.സി അഡ്വൈസറി ബോർഡ് അംഗം ഷൈലാ തോമസ്, മാനേജർ ബിജുരാജ്.എസ് എന്നിവർ പങ്കെടുത്തു.