
വിജയവാഡ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതി തീവ്രചുഴലിക്കാറ്റായ അസാനി, ഇന്നലെ ആന്ധ്രാ തീരത്തെത്തി ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു. ഇന്ന് രാവിലെ ന്യൂനമർദ്ദമായി മാറും. അസാനി തീരത്തെത്തിയതോടെ ആന്ധ്ര - ഒഡിഷ തീരങ്ങളിൽ ശക്തമായ മഴയുണ്ടായി. മത്സ്യത്തൊഴിലാളികൾ അടക്കം ആറ് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. പലയിടത്തും മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി.വിശാഖപട്ടണം തുറമുഖം താത്കാലികമായി അടച്ചിട്ടു. നിരവധി വിമാന സർവീസുകളും ട്രെയിനുകളും റദ്ദാക്കി. അതീതീവ്ര ചുഴലിക്കാറ്റിൽ നിന്ന് തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ അസാനിയുടെ ശക്തി കുറഞ്ഞിരുന്നു. മച്ച്ലി തീരത്തിനടുത്ത് എത്തിയതോടെ കാറ്റിന്റെ വേഗം കുറഞ്ഞു. റാണിപേട്ട് നദിയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി. ഗൻജം തുറമുഖത്ത് 11 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം മറിഞ്ഞു. 7 പേരെ കോസ്റ്റ്ഗാർഡ് രക്ഷിച്ചു. മറ്റ് നാലുപേർക്കായി തെരച്ചിൽ തുടരുകയാണ്. ഒഡിഷ പശ്ചിമബംഗാൾ തീരങ്ങളിലും കനത്ത മഴയുണ്ട്. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങൾ തൽക്കാലത്തേക്ക് അടച്ചിരുന്നു. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു വിമാനത്താവളങ്ങളിൽ നിന്നും ചില സർവീസുകൾ റദ്ദാക്കി. ഈസ്റ്റ് കോസ്റ്റ് റെയിൽവേ ആന്ധ്ര ഭുവനേശ്വർ റൂട്ടിലൂടെയുള്ള ഇരുപതോളം റദ്ദാക്കി. വിശാഖപട്ടണം തുറമുഖം തത്കാലത്തേക്ക് അടച്ചു. ഇന്നലെ വൈകിട്ടോടെ അസാനി ആന്ധ്ര തീരത്ത് നിന്ന് ദിശ മാറി യാനം കാക്കിനാട വിശാഖപട്ടണം തീരം വഴി മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു. പിന്നീട് കൂടുതൽ ദുർബലമായി തീവ്രന്യൂനമർദ്ദമായി. തമിഴ്നാട് പുതുച്ചേരി കർണാടക തീരങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.