തിരുവനന്തപുരം: ഇന്ത്യൻ സാഹചര്യത്തിൽ വിദ്വേഷവും വിഭജനവും അതിഭീതിതമായ നിലയിൽ വളർന്നുകൊണ്ടിരിക്കുകയാണെന്ന് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുരാഷ്ട്ര രൂപീകരണമാണ് മോദി ഭരണകൂടത്തിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് സമൂഹത്തിൽ വിദ്വേഷവും വിഭജനവും തീവ്രമാക്കുന്നത്. സംഘപരിവാർ ഭരണത്തെ പുറത്താക്കിയില്ലെങ്കിൽ ഇന്ത്യയ്ക്ക് നിലനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഷാജി.എൻ.കരുൺ അദ്ധ്യക്ഷനായി. 'വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ സാംസ്‌കാരിക കേരളം' എന്ന വിഷയത്തിലായിരുന്നു ശില്പശാല.