ukraine

കീവ് : സ്വതന്ത്ര യുക്രെയിന്റെ ആദ്യ പ്രസിഡ‌ന്റായ ലിയനിഡ് ക്രാവ്‌ചക് ( 88 ) അന്തരിച്ചു. 1991 ഡിസംബർ 5 മുതൽ 1994 ജൂലായ് 19 വരെയായിരുന്നു ലിയനിഡ് യുക്രെയിന്റെ പ്രസിഡന്റായിരുന്നത്. ദീർഘനാളായി അസുഖ ബാധിതനായിരുന്നു. 2021ൽ ലിയനിഡ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

1994 ജനുവരിയിൽ, ലിയനിഡിന്റെ ഭരണകാലത്താണ് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം തങ്ങളുടെ പക്കലുണ്ടായിരുന്ന ആണവായുധങ്ങൾ റഷ്യയ്ക്ക് കൈമാറിയതിന് 100 കോടി യു.എസ് ഡോളർ നഷ്ടപരിഹാരത്തിനുള്ള ഉടമ്പടിയിൽ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റണുമായും റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽറ്റ്‌സിനുമായി യുക്രെയിൻ ഒപ്പുവച്ചത്.

പടിഞ്ഞാറൻ യുക്രെയിനിലെ റിവനിൽ 1934 ജനുവരി 10ന് ഒരു കർഷക കുടുംബത്തിലാണ് ലിയനിഡിന്റെ ജനനം. 1958ൽ യുക്രെയിൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.