ukraine

കീവ് : ഖാർക്കീവിലെ നാല് ഗ്രാമങ്ങളിൽ നിന്ന് റഷ്യൻ സൈനികരെ തങ്ങളുടെ സേന തുരത്തിയെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. ഖാർക്കീവിലെ ഏതാനും ഗ്രാമങ്ങളെ റഷ്യൻ സേനയുടെ പിടിയിൽ നിന്ന് മോചിപ്പിച്ചെന്ന് പ്രാദേശിക ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇവിടേക്കിപ്പോഴും റഷ്യ കടന്നുകയറാൻ ശ്രമിക്കുന്നതായാണ് യുക്രെയിൻ പ്രതിരോധ മന്ത്രാലയം പറയുന്നത്.

ഖാർക്കീവിൽ ജനവാസ മേഖലകൾക്ക് നേരെയടക്കം റഷ്യൻ ഷെല്ലാക്രമണം വർദ്ധിച്ചുവരുന്നതായി മേയർ അറിയിച്ചു. സുമി, ചെർണീവ് മേഖലകളിലും റഷ്യൻ ഷെല്ലാക്രമണമുണ്ടായെന്ന് റിപ്പോർട്ടുണ്ട്.

അതേ സമയം, യുക്രെയിനിൽ റഷ്യൻ സേന പിടിച്ചെടുത്ത ഖേഴ്സൺ നഗരത്തെ ഈ വർഷം അവസാനത്തോടെ റഷ്യയോടൊപ്പം ചേർക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ആവശ്യപ്പെടാൻ ഇവിടുത്തെ വിമത നേതാക്കൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. എന്നാൽ, റഷ്യയ്ക്കൊപ്പം ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഖേഴ്സണിലെ ജനങ്ങളാണെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് പറഞ്ഞു.

നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രാദേശിക ഭരണകൂടമാണ് ഖേഴ്സണെ നിയന്ത്രിക്കുന്നത്. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയയ്ക്കും റഷ്യൻ വിമതരുടെ നിയന്ത്രണത്തിലുള്ള ഡോൺബാസ് മേഖലയ്ക്കും ഇടയിലുള്ള തന്ത്രപ്രധാനമായ പ്രദേശമാണ് ഖേഴ്സൺ. ഖേഴ്സന്റെ പൂർണ നിയന്ത്രണം തങ്ങൾ പിടിച്ചെടുത്തെന്ന് കഴിഞ്ഞ മാസമാണ് റഷ്യ അറിയിച്ചത്.