shaba-sherif

മലപ്പുറം: നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ്. വ്യവസായി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ (42), ഷൈബിന്റെ മാനേജരായ വയനാട് ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), തങ്ങളകത്ത് നൗഷാദ് (41), ഷൈബിന്റെ ഡ്രൈവർ നടുത്തൊടിക നിഷാദ് (35)​ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.

കൊല്ലപ്പെട്ട മൈസൂരു വിജയനഗർ സ്വദേശി ഷാബ ഷരീഫിന്റെ (60)​ മൃതദേഹം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പരമാവധി ഡിജിറ്റൽ തെളിവുകളും സാക്ഷി മൊഴികളും ശേഖരിക്കുകയാണ് പൊലീസ്‌. മൈസൂരുവിൽ നിന്ന് വൈദ്യനെ തട്ടിക്കൊണ്ടുവരാൻ സഹായിച്ചവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റും ഉടനുണ്ടാകും.

ഷാബ ഷരീഫിനെ കേസിലെ മുഖ്യപ്രതിയായ ഷൈബിന്റെ വീട്ടിലാണ് തടവിലാക്കിയത്. ഈ സമയം ഷൈബിന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഈ സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ഷാബ ഷരീഫിന് മാത്രം അറിയാവുന്ന മൂലക്കുരു ഒറ്റമൂലിയുടെ രഹസ്യം സ്വന്തമാക്കി മരുന്നുവ്യാപാരത്തിലൂടെ പണമുണ്ടാക്കുകയെന്ന ഷൈബിന്റെ പദ്ധതിയാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.

2019 ആഗസ്റ്റിലാണ് വൈദ്യനെ തട്ടിക്കൊണ്ടുവന്നത്. മൈസൂരുവിലെ ലോഡ്ജിൽ താമസിക്കുന്ന വൃദ്ധനെ ചികിത്സിക്കാനെന്ന വ്യാജേന ഷാബ ഷരീഫിനെ ചികിത്സാകേന്ദ്രത്തിൽ നിന്നു പ്രതി ഷിഹാബുദ്ദീൻ ബൈക്കിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒറ്റമൂലി ചികിത്സയുടെ രഹസ്യം വെളിപ്പെടുത്താൻ വിസമ്മതിച്ചതോടെ ഒരു വർഷത്തോളം ക്രൂരമായി മർദിച്ചു.

2020 ഒക്ടോബറിലാണ് ഷാബ ഷരീഫ് കൊല്ലപ്പെട്ടത്. കൂട്ടുപ്രതികൾക്ക് വാഗ്ദാനം ചെയ്ത തുക ഷൈബിൻ നൽകാതിരുന്നതും അവർ വീടുകയറി പണം കൊള്ളയടിച്ചതിനെ തുടർന്ന് ഷൈബിൻ പൊലീസിൽ പരാതി നൽകിയതുമാണ് ഒന്നര വർഷം മുമ്പ് നടന്ന സംഭവം പുറത്തറിയാൻ നിമിത്തമായത്.