
തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ എസ്. അജയകുമാർ കേന്ദ്രീയ വിദ്യാലയ സംഗതിന്റെ അസിസ്റ്റന്റ് കമ്മിഷണറായി ഇന്ന് ചുമതലയേൽക്കും. കേന്ദ്രീയ വിദ്യാലയ സംഗതിന്റെ എറണാകുളം റീജിയണൽ ഓഫീസിലാണ് സ്ഥാനക്കയറ്റത്തോടെയുള്ള നിയമനം. കേരളത്തിലെയും ലക്ഷദ്വീപിലെയും കേന്ദ്രീയ വിദ്യാലയങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുന്ന ഓഫീസാണിത്. ഇവിടെ മൂന്ന് അസി: കമ്മീഷണർമാരിൽ ഒരാളായിട്ടാണ് അജയകുമാർ പ്രവർത്തിക്കുക.
ഇന്ത്യയിലെ മികച്ച സർക്കാർ വിദ്യാലയമാക്കി പട്ടം കെ.വിയെ മാറ്റുന്നതിൽ നിർണായകമായ പങ്കുവഹിച്ച അജയകുമാർ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലും അവരുടെ ടാലന്റ് കണ്ടെത്തുന്നതിനും തന്റേതായ ശൈലി ആവിഷ്‌ക്കരിച്ച പ്രിൻസപ്പലായിരുന്നു.രണ്ട് ഷിഫ്റ്റുകളിലായി 4500 ലധികം വിദ്യാർത്ഥികളും ഇരുനൂറോളം അദ്ധ്യാപകരുമുള്ള പട്ടം കേന്ദ്രീയ വിദ്യാലയത്തെ സ്തുത്യർഹമായി നയിശേഷമാണ് അദ്ദേഹം പുതിയ പദവിയിലേക്ക് നീങ്ങുന്നത്.
'കുട്ടികളെ ശാസിച്ചും വഴക്കുപറഞ്ഞും അല്ല തിരുത്തേണ്ടത്. സ്‌നേഹത്തോടെ അവരുടെ വ്യക്തിപരമായ പ്രത്യേകതകളടക്കം നിരീക്ഷിച്ചുവേണം അദ്ധ്യാപകർ പഠിപ്പിക്കേണ്ടത്.'-അജയകുമാർ പറഞ്ഞു. സിവിൽ സർവ്വീസ് പരീക്ഷയുടെ ആദ്യത്തെ നൂറ് റാങ്കുകളിലൊന്നിൽ പട്ടം കെ.വി.യിലെ ഒരു വിദ്യാർത്ഥിയെങ്കിലും ഇടം നേടുന്നുണ്ടെന്നത് ചാരിതാർത്ഥ്യത്തോടെ കാണുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് എന്ന മഹാമാരിക്കാലത്തെ അതിജീവിച്ചതും കുട്ടികളെ സ്‌കൂൾ പഠനത്തിന്റെ ട്രാക്കിലേക്ക് വീണ്ടും വിജയകരമായി മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞതും സന്തോഷമുളവാക്കിയെന്ന് അജയകുമാർ വിശദികരിച്ചു. 1992ൽ മണിപ്പൂരിലെ ലോക്തക് കെ.വിയിലാണ് സെക്കൻഡറി ഗണിതാദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.വിവിധ കെ.വി വിദ്യാലയങ്ങളിലെ സേവനത്തിനു ശേഷം 2014ൽ പട്ടം കെ.വിയിൽ പ്രിൻസിപ്പലായി.
എഡ്യൂക്കേഷൻ വേൾഡ് മാഗസിന്റെ ദേശീയ സർവേയിൽ അജയകുമാറിന്റെ കീഴിൽ പട്ടം കേന്ദ്രീയ വിദ്യാലയം നാലുതവണ (2014, 2015, 2016, 2020) ഇന്ത്യയിലെ മികച്ച ഗവണ്മെന്റ് സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടു. ഗണിത ലാബ്, ഗണിത ക്ലിനിക് എന്നിവയടക്കം നൂതനമായ ആശയങ്ങളിലൂടെ വിദ്യാർത്ഥികളുടെ അക്കാഡമിക് മികവ് ഉയർത്തുന്ന നിരവധി പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കിയത്. മികച്ച പ്രവർത്തനത്തിനുള്ള റീജിയണൽ ഇൻസെന്റീവ് അവാർഡും (2011) നാഷണൽ ഇൻസെന്റീവ് അവാർഡും (2017) നൽകി കേന്ദ്രീയ വിദ്യാലയ സംഗതൻ അജയകുമാറിനെ ആദരിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി, കെ.വി.എസ് എന്നിവയുടെ നിരവധി ദേശീയതല അക്കാഡമിക് കമ്മിറ്റികളിൽ വിവിധ വർഷങ്ങളിൽ അംഗമായിരുന്ന അജയകുമാർ വിദ്യാഭ്യാസ നയ രൂപീകരണ പ്രവർത്തനങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.