kerala-tourism

തിരുവനന്തപുരം: ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമൊപ്പം ടൂറിസം വികസനവും വരുമാന വർദ്ധനയും ലക്ഷ്യമിട്ട് കേരളത്തിൽ ഡാം ടൂറിസം പദ്ധതി വിപുലീകരിക്കാൻ വിനോദ സഞ്ചാര വകുപ്പ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതും പ്രകൃതി രമണീയവും ടൂറിസം വികസന സാദ്ധ്യതയുള്ളതുമായ അമ്പതോളം ഡാമുകൾ കേന്ദ്രീകരിച്ചാണ് ഡാം ടൂറിസത്തിന് വിനോദ സഞ്ചാര വകുപ്പ് പദ്ധതിയിടുന്നത്. നിലവിൽ ടൂറിസ്റ്റുകൾ വന്നുപോകുന്ന ഡാമുകളുൾപ്പെടെ പദ്ധതിയിലുൾപ്പെടുത്തി കൂടുതൽ സൗകര്യങ്ങൾ സജ്ജീകരിച്ച് വിനോദ സഞ്ചാരികളെ കൂടുതലായി അവിടേക്ക് ആകർഷിക്കാനും ഉദ്ദേശമുണ്ട്. വിനോദ സ‌ഞ്ചാരത്തിനൊപ്പം പ്രാദേശിക വികസനവും ജനങ്ങളുടെ തൊഴിലും വരുമാന സാദ്ധ്യതകളും ടൂറിസം വകുപ്പ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. തലസ്ഥാനത്തെ നെയ്യാർ,​പേപ്പാറ,​ കൊല്ലം ജില്ലയിലെ തെൻമല,​ പത്തനംതിട്ടയിലെ പമ്പ,​ ഗവി,​കക്കി,​ഇടുക്കിയിലെ കുളമാവ്,​ ചെറുതോണി,​മാട്ടുപ്പെട്ടി,​മലങ്കര,​ലോവർ പെരിയാർ,​ തൃശൂരിലെ പീച്ചി,​​പാലക്കാട്ടെ പറമ്പിക്കുളം,​പോത്തുണ്ടി,​ മലമ്പുഴ,​കോഴിക്കോട്ടെ കക്കയം,​ വയനാട്ടിലെ ബാണാസുര സാഗർ തുടങ്ങിയ ഡാമുകളാണ് ടൂറിസം വകുപ്പിന്റെ പരിഗണനയിലുള്ളത്.

‌ വരുന്നത് പുതുമാതൃക

പരിസ്ഥിതിക്കോ റിസർവോയറിനോ യാതൊരുവിധ ഭീഷണിയുമില്ലാത്ത വിധം ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോടെ ഡാമും പരിസരവും വിനോദസഞ്ചാരികൾക്ക് കാണാനും ക്യാമ്പ് ചെയ്യാനുമായി തുറന്ന് നൽകുന്നതാണ് ഡാം ടൂറിസത്തിന്റെ പ്രത്യേകത. ഇത് കേരളത്തിന്റെ ടൂറിസംമേഖലയിൽ പുതിയ മാതൃകയാകുമെന്നാണ് ടൂറിസംവകുപ്പിന്റെ വിലയിരുത്തൽ.

മുഖംമാറും

 ഡാമിലും പരിസരത്തും എല്ലാ ദിവസവും സഞ്ചാരികൾക്ക് പ്രവേശനം.

 ലാൻഡ് സ്‌കേപ്പിംഗ്, ടിക്കറ്റ് കൗണ്ടർ, പാർക്കിംഗ്, ഗേറ്റ് നവീകരണം, റൗണ്ട് എബൗട്ട്,ചിൽഡ്രൻസ് പാർക്ക്.

 റിസർവോയറിലും പുറത്തും ഹാൻഡ് റെയ്ലും പൂന്തോട്ടങ്ങളുമുള്ള വാക്ക് വേ.

 ആംഫിതിയേറ്റർ, ഗസ്റ്റ് ഹൗസ് ആൻഡ് ഡോർമിറ്ററി സൗകര്യം, ടോയ്ലറ്റ് ബ്ളോക്ക്, കൊമേഴ്സ്യൽ സ്പേയ്സ്,

വാച്ച് ടവർ,ഹണിമൂൺകോട്ടേജ്, ട്രക്കിംഗ് ആൻഡ് ക്യാമ്പ് ഫയർ.

 ബോട്ട് റൈഡിംഗ്,കുട്ടവഞ്ചിസവാരി, കുതിര സവാരി,ഫിഷിംഗ് സൗകര്യം.

 കാന്റീൻ, ഓപ്പൺ കഫറ്റേരിയ, ഇലക്ട്രിഫിക്കേഷൻ

ഡാമുകൾ ജില്ല തിരിച്ച്

തിരുവനന്തപുരം -4

കൊല്ലം -1

പത്തനംതിട്ട -3

ഇടുക്കി -21

എറണാകുളം-4

തൃശൂർ-8

പാലക്കാട്-11

വയനാട്-6

കോഴിക്കോട്-3

കണ്ണൂർ-1

ആകെ - 62

ഡാമുകൾ കേന്ദ്രീകരിച്ച് നൂതന ടൂറിസം സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ ആലോചിച്ചുവരികയാണ്. ഇക്കാര്യത്തിൽ ഇറിഗേഷൻ, വൈദ്യുതി വകുപ്പ് മന്ത്രിമാരും വകുപ്പ്സെക്രട്ടറിമാരുമായി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. ടൂറിസം, ഇറിഗേഷൻ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥതല സംഘം പദ്ധതികൾ തയ്യാറാക്കി വരികയാണ്.

-ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്