
വാഷിംഗ്‌ടൺ: അപ്രതീക്ഷിതമായി പൈലറ്റ് കുഴഞ്ഞുവീണതിന് പിന്നാലെ വിമാനം സുരക്ഷിതമായി ഇറക്കി യാത്രക്കാരൻ. ഫ്ളോറിഡയിലേക്ക് പോവുകയായിരുന്ന സെസ്‌ന 208 കാരവാൻ വിമാനമാണ് വിമാനം പറത്തി മുൻപരിചയമില്ലാത്ത യാത്രക്കാരൻ സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചത്. കഴിഞ്ഞ ചെവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
ബഹമാസിലെ മാർഷ് ഹാർബറിലെ ലിയോനാർഡ് എം തോംപ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫ്ളോറിഡയിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് അപ്രതീക്ഷിത സംഭവവികാസങ്ങളുണ്ടായത്. ഗർഭിണിയായ ഭാര്യയെ കാണുന്നതിനായി യാത്രത്തിരിച്ചയാൾക്ക് പ്രത്യേക സാഹചര്യത്തിൽ പൈലറ്റ് ആയി മാറേണ്ടി വരികയായിരുന്നു. രണ്ട് യാത്രക്കാരും ഒരു പൈലറ്റും മാത്രമായിരുന്നു സ്വകാര്യ വിമാനമായ സെസ്‌ന 208ൽ ഉണ്ടായിരുന്നത്.
This is brand new video (courtesy of Jeff Chandler) of a passenger landing a plane today at PBIA.
— Ari Hait (@wpbf_ari) May 11, 2022
His pilot had passed out, and the passenger with zero flight experience was forced to land the plane.
Team coverage of this amazing landing is on @WPBF25News at 11. pic.twitter.com/jFLIlTp6Zs
പൈലറ്റിന് സുഖമില്ലെന്ന് കണ്ടതോടെ യാത്രക്കാരൻ വിമാനം പറത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിമാനം പറത്തിയുള്ള മുൻപരിചയമില്ലായിരുന്നു ഇയാൾക്ക്. തുടർന്ന് ഫ്ളൈറ്റ് ഇൻസ്ട്രക്‌ടറായ റോബർട്ട് മോർഗന്റെ നിർദേശങ്ങൾ അനുസരിച്ച് സുരക്ഷിതമായി തന്നെ വിമാനം ലാൻഡ് ചെയ്യിക്കാൻ സാധിച്ചു.
20 വർഷത്തെ അനുഭവസമ്പത്താണ് മോർഗനെ ഇതിന് സഹായിച്ചത്. മുൻപൊരിക്കലും ഇത്തരത്തിൽ ഒരനുഭവം ഉണ്ടായിട്ടില്ലെന്നും സിനിമയിലെ രംഗങ്ങളെ പോലെ തോന്നിപ്പിക്കുന്നതായിരുന്നെന്നും സംഭവത്തിന് പിന്നാലെ മോർഗൻ അഭിപ്രായപ്പെട്ടു. എന്നാൽ വിമാനം പറത്തിയ യാത്രക്കാരന്റെയും പൈലറ്റിന്റെയും വിവരങ്ങൾ അധികൃതർ പുറത്തുവിട്ടില്ല.