ishan-kishan

മുംബയ് : ഈ ഐ.പി.എൽ സീസണിലെ ഏറ്റവും വിലയേറിയ താരമായി ശ്രദ്ധ നേടിയ മുംബയ് ഇന്ത്യൻസിന്റെ ഇടംകയ്യൻ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാൻ കിഷൻ മോശം ബാറ്റിങ് ഫോമിന്റെ പേരിൽ കടുത്ത വിമർശനങ്ങളാണ് നേരിട്ടത്. എന്നാൽ ഈവിമർശനങ്ങൾ ഒന്നുംതന്നെ താൻ കണക്കിലെടുക്കാറില്ലെന്ന് ഇഷാൻ പറയുന്നു.

2022 ലെ മെഗാ താരലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച താരമാണ് 23 കാരനായ ഇഷൻ. 15.25 കോടി രൂപയ്ക്കാണ് മുംബയ് ഇഷനെ വീണ്ടും ടീമിലെടുത്തത്. രണ്ട് അർദ്ധ സെഞ്ചറികളോടെ നന്നായിത്തന്നെ തുടക്കം കുറിക്കാനായെങ്കിലും, പിന്നീട് ഫോം ഔട്ടാകുകയായിരുന്നു. 11 കളിയിൽ 32.10 ശരാശരിയിൽ 321 റൺസാണ് ഇഷന്റെ ഇതുവരെയുള്ള സമ്പാദ്യം. 117.15 ആണ് സ്ട്രൈക്ക് റേറ്റ്.

വലിയ വില ലഭിച്ചതിനെക്കുറിച്ചോർത്ത് സമ്മർദ്ദത്തിലാകേണ്ട കാര്യമില്ലെന്ന് ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മയും മുൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയും തന്നെ ഉപദേശിച്ചിരുന്നതായും ഇഷാൻ പറഞ്ഞു.ഉയർന്ന വില ലഭിച്ചത് തന്റെ കുഴപ്പംകൊണ്ടല്ലെന്നും താൻ തന്റെ കളി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നും താരം പറഞ്ഞു.

കുറച്ച് ഇന്നിംഗ്സുകളിൽ തുടർച്ചയായി നിരാശപ്പെടുത്തിയതിനു ശേഷം ഫോം വീണ്ടെടുത്തു വരികയാണ് ഇഷാൻ ഇപ്പോൾ. മുംബയ് ഇതിന് മുമ്പ് കളിച്ച 2 മത്സരങ്ങളിൽ, 45, 51 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.

ആളുകൾ പലതും പറയാറുണ്ട്. അത് എന്തൊക്കെയാണെന്നു ഞാൻ പരിശോധിക്കാറില്ല. പുറത്തുനിന്നുള്ളവർക്ക് എന്തും പറയാമല്ലോ, കാരണം താരങ്ങളുടെ അവസ്ഥ സംബന്ധിച്ച് അവർക്കു യാതൊരു ധാരണയുമില്ല. ഫോൺ കയ്യിലെടുത്ത് അതിൽ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ വളരെ എളുപ്പമാണ്.

സമൂഹ മാധ്യമങ്ങളിലെ ആളുകളുടെ വിമർശനങ്ങളും അഭിപ്രായപ്രകടനങ്ങളും എന്നെ ബാധിക്കുകയേയില്ല. അത്തരം കാര്യങ്ങൾ കുത്തിക്കുറിക്കുന്നതിലാണ് അവർക്കു സന്തോഷം എങ്കിൽ അവർ അങ്ങനെതന്നെ ചെയ്യട്ടെ. അത് എന്നെ ബാധിക്കുന്ന വിഷയമല്ല, – ഇഷാൻ കിഷൻ