
ഗണേശ്കുമാർ ആദ്യമായി അഭിനയിച്ച ചിത്രമാണ് ഇരകൾ. കെ.ജി ജോർജ് ആയിരുന്നു സംവിധായകൻ. വളരെ യാദൃശ്ചികമായാണ് ഗണേശ് കുമാർ ഇരകളിലേക്ക് എത്തിയതെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഗാന്ധിമതി ബാലൻ. മൂകാംബിക ദേവിയുടെ അനുഗ്രഹം അക്കാര്യത്തിൽ ഗണേശനുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും ബാലൻ പറയുന്നു.
ആ അനുഭവം ഇങ്ങനെ-
'ഇരകളുടെ നായകനെ തേടി ജോർജേട്ടൻ നടക്കുന്ന സമയം. അക്കാലത്ത് ബാലകൃഷ്‌ണപിള്ള സാർ ഒരു ദിവസം എന്നെ വിളിപ്പിച്ചു. അന്നദ്ദേഹം വൈദ്യുതി മന്ത്രിയാണ്. മൻമോഹൻ ബംഗ്ളാവിലാണ് സാർ താമസിക്കുന്നത്. ഞാൻ ചെന്നുകണ്ടു. കാര്യം തിരക്കിയപ്പോൾ ഗണേശനെ ഒന്ന് മൂകാംബികയിൽ കൊണ്ടുപോയി തൊഴീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്നുതന്നെ പോണമെന്ന് പറഞ്ഞു. അദ്ദേഹത്തിന് റെയിൽവേയുടെ ചാർജ് കൂടിയുണ്ട്. അങ്ങനെ ഞാനും ഗണേശനും അന്നുതന്നെ ട്രെയിൻ കയറി. മൂകാംബികയിലെത്തി തൊഴുത് തിരിച്ചെത്തി.
പ്രസാദമൊക്കെ ഗണേശന്റെ ബാഗിലായിരുന്നു. രാവിലെ ട്രെയിൻ ഇറങ്ങിയപ്പോൾ അതിന്റെ കാര്യമൊക്കെ മറന്നു. എന്നെ വീട്ടിലാക്കി ഗണേശൻ പോയി. രാവിലെ 10 മണിക്ക് ഓഫീസിലെത്തിയ എന്നെ കാണാൻ ജോർജേട്ടൻ വന്നു. നായകന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാണ് വരവ്. ആ സമയത്ത് ചേട്ടാ എന്ന് വിളിച്ചുകൊണ്ട് ഗണേശൻ എത്തി. പ്രസാദം തരാനായിരുന്നു വന്നത്. പ്രസാദം ഞാൻ എല്ലാവർക്കും കൊടുത്തു. ഗണേശനെ ജോർജേട്ടന് പരിചയപ്പെടുത്തുകയും ചെയ‌്തു. ഗണേശൻ പോയിക്കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു; എനിക്കിവനെ വേണം, എന്റെ കഥാപാത്രമാണിവൻ.
പെട്ടെന്നെന്റെ മനസിൽ ഒരു നിമിത്തം പോലെ തോന്നി. മൂകാംബികയിൽ പോകാനും, ജോർജേട്ടന്റെ കണ്ണിൽപെടാനുമൊക്കെയുള്ള നിമിത്തം. ബാലകൃഷ്‌ണപിള്ള സാറിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് രണ്ട് മനസായിരുന്നു. ഗണേശന് സിനിമയിൽ വരണമെന്നും ആഗ്രഹമുണ്ട്. ഒടുവിൽ സാർ സമ്മതിച്ചു. അങ്ങനെയാണ് ഗണേശ് കുമാർ സിനിമയിലെത്തുന്നത്'.