
വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുന്നതും വേദനാജനകവുമായ അസുഖമാണ് മൂത്രനാളിയിലെ അണുബാധ (യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ). ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, ബ്ലീഡിംഗ്, നടുവേദന എന്നിവയെല്ലാം അണുബാധയുണ്ടാക്കുന്ന അസ്വസ്ഥതകൾ ആണ്. ഈ അസുഖം കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണ്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ അണുബാധ വൃക്കകളിലേയ്ക്കും പടരാൻ സാദ്ധ്യതയുണ്ട്. വേനൽക്കാലത്ത് അണുബാധ വർദ്ധിച്ചുവരുന്നതായി ആരോഗ്യവിദഗ്ദ്ധർ പറയുന്നു. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് പൊതുവിൽ പറയുമെങ്കിലും മറ്റ് കാരണങ്ങളാലും ഈ അസുഖം വരാം.

കൂടുതൽ സമയം പുറത്ത് ചിലവഴിക്കേണ്ടിവരുന്നവർക്ക് വേനൽക്കാലത്ത് നിർജ്ജലീകരണം ഉണ്ടാകുന്നത് അണുബാധയിലേയ്ക്ക് നയിക്കാം. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും സ്ത്രീകളിൽ മൂത്രനാളിയിലെ അണുബാധ ഉണ്ടാകുന്നതിന് മറ്റൊരു കാരണമാണ്. ആന്റിബയോട്ടിക്കുകൾ കൂടുതൽ കഴിക്കുന്നവരിലും അണുബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്.

എങ്ങനെ തടയാം
1.ധാരാളം വെള്ളം കുടിക്കുക: അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ ധാരാളം വെള്ലം കുടിക്കുന്നതിലൂടെ സാധിക്കുന്നു.
2. ശുചിത്വ ശീലം: നല്ല ശുചിത്വ ശീലം പാലിക്കുന്നത് അണുബാധയെ തടയാൻ സഹായിക്കും.
3. ദീർഘനേരം മൂത്രം പിടിച്ചുനിർത്തരുത്: വെള്ളം കുടിക്കുമ്പോൾ അതിനനുസരിച്ച് മൂത്രമൊഴിക്കുകയും വേണം. അല്ലെങ്കിൽ ശരീരത്തിൽ ബാക്ടീരിയകളുടെ വളർച്ച കൂട്ടാൻ ഇത് കാരണമാകും. ശരീരത്തിൽ എത്രസമയം മൂത്രം പിടിച്ചുവയ്ക്കുന്നുവോ അത്രയധികം അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്.
4. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുക: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാവുന്ന ഘർഷണവും സ്രവങ്ങളും കാരണം, മൂത്രനാളിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കൾ മൂത്രനാളിയിലേക്ക് പ്രവേശിക്കാനുള്ള സാദ്ധ്യതയുണ്ട്, അതിനാൽ ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിച്ച് സൂക്ഷ്മാണുക്കളെ പുറന്തള്ളേണ്ടത് പ്രധാനമാണ്.
5. ക്രാൻബെറി ജ്യൂസ്: ക്രാൻബെറി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കുന്നു. ക്രാൻബെറിയിൽ മൂത്രനാളിയിലേക്ക് ബാക്ടീരിയയെ എത്തുന്നത് തടയാൻ സഹായിക്കുന്ന പദാർത്ഥങ്ങളുണ്ട്, അതിനാൽ അണുബാധ തടയാൻ ഇത് സഹായിക്കുന്നു.