നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ രൂക്ഷവിമർശനവുമായി നടി മല്ലിക സുകുമാരൻ. ആ പെൺകുട്ടിയോട് ആര് എന്തിന്റെ പേരിൽ ചെയ്തതായാലും ആ തെറ്റ് ശിക്ഷാർഹമാണെന്നും അതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഒരു അമ്മയ്‌ക്ക് മകളോടുള്ള വാത്സല്യവും സ്നേഹവുമാണ് തനിക്ക് അതിജീവിതയോടുള്ളതെന്നും അവർ വ്യക്തമാക്കി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്.
'എല്ലാ ആണുങ്ങളും ബോറന്മാർ എന്ന് സ്ഥാപിക്കുന്നത് തെറ്റാണ്. തെറ്റ് പെണ്ണിന്റെ ഭാഗത്തുമുണ്ട്. ഞാൻ മുമ്പ് സൂര്യനെല്ലി കേസിൽ 149 പീഡനമോ എന്ന് ഒരു ചാനലിൽ ഇരുന്ന് ചോദിച്ചു. ഒന്നോ രണ്ടോ പീഡനമായിരിക്കും ബാക്കി എങ്ങനെ പീഡനമാകുമെന്ന് ചോദിച്ചപ്പോൾ ഞാൻ സ്ത്രീ വിദ്വേഷിയായി.
അതിജീവിത എന്ന കുട്ടിയോട് എനിക്ക് ഒരു അമ്മയ്‌ക്ക് തോന്നുന്ന സ്നേഹവും അനുകമ്പയും വാത്സല്യവുമൊക്കെയുണ്ട്. ആ തെറ്റിന് പിന്നിൽ ആരാണെന്നത് ഇവിടെത്തെ നീതിന്യായ വ്യവസ്ഥ കണ്ടുപിടിച്ചേ മതിയാകൂ. ആര് ചെയ്താലും എപ്പോൾ ചെയ്താലും എങ്ങനെ ചെയ്‌താലും എന്തുകൊണ്ട് ചെയ്താലും അത് ശിക്ഷാർഹമാണ്. സ്വന്തം ഭാര്യയോ പെങ്ങൾക്കോ സംഭവിക്കട്ടെ. അപ്പോ കാണാം ഓരോരുത്തരുടെ തനിനിറം.
കുറ്റം ചെയ്യുന്നവരുടെ അച്ഛനമ്മമാർ പറഞ്ഞുകൊടുക്കേണ്ടതല്ലേ ടാ മോനേ ഇവരൊക്കെ നിങ്ങളെ വച്ച് മുതലെടുക്കുകയാണെന്ന്. ഞാൻ പൃഥ്വിയെ പഠിപ്പിച്ചത് എസ്ബിടിയുടെ എഡ്യുക്കേഷൻ ലോൺ എടുത്താണ്. വസ്തു വിറ്റും ലോൺ എടുത്തുമൊക്കെയാണ് ഓരോ അച്ഛനമ്മമാരും മക്കളെ പഠിപ്പിക്കുന്നത്. മക്കൾ പഠിച്ച് നല്ല ഗതിയിലാകുമെന്നാണ് അവരും വിശ്വസിക്കുന്നത്. വലിയ വലിയ ആളുകളുടെ മക്കളെയൊന്നും ജലപീരങ്കിക്ക് മുന്നിൽ കാണുന്നില്ലല്ലോ. അവരൊക്കെ എവിടെ പോയി. അതെങ്കിലും ഇന്നത്തെ ചെറുപ്പക്കാർ ശ്രദ്ധിക്കണം.'
