
വെള്ളം കുടിക്കാനോ കുളിക്കാനോ പോലും സാധിക്കില്ല, ഇതിന്റെ പേരിൽ വിഷമം തോന്നി കരഞ്ഞാലും പ്രശ്നമാണ്. യു.എസിലെ 15 കാരിക്കാണ് വെള്ളം അലർജിയായതിനാൽ ദുരവസ്ഥ അനുഭവിക്കേണ്ടി വരുന്നത്. വെള്ളം ആസിഡ് പോലെ തോന്നുന്നുവെന്നാണ് കുട്ടി പറയുന്നത്.
200 ദശലക്ഷത്തിൽ ഒരാളെ ബാധിക്കുന്ന അപൂർവരോഗത്തിന്റെ ഇരയാണ് ഈ 15 കാരി. അരിസോണയിലെ ട്യൂസണിൽ നിന്നുള്ള അബിഗെയ്ൽ ബെക്കിന് മൂന്ന് വർഷം മുന്നെയാണ് അക്വജെനിക് ഉർട്ടികാരിയ എന്ന അപൂർവ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. കഴിഞ്ഞ മാസം രോഗം സ്ഥിരീകരിച്ചു.

വെള്ളം അലർജിയുള്ള 100ൽ താഴെ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. റീഹൈഡ്രേഷൻ ഗുളികകളാണ് ഡോക്ടർമാർ നൽകാറുള്ളത്. മഴ നനയുമ്പോഴും കുളിക്കുമ്പോഴും ചർമ്മത്തിൽ ആസിഡ് വീഴുന്ന പോലെ തോന്നുമെന്നാണ് അബിഗെയ്ൽ പറയുന്നത്.
വെള്ളം കുടിച്ചാൽ ഛർദിക്കാൻ തോന്നും. ഒരു വർഷത്തിലേറെയായി താൻ വെള്ളം കുടിക്കാറില്ല. എനർജി ഡ്രിംഗുകളോ മാതള നാരങ്ങ ജ്യൂസോ കഴിക്കുമെന്ന് കുട്ടി പറയുന്നു. കരഞ്ഞാൽ മുഖം ചുവന്ന് തുടുക്കുമെന്നും അബിഗെയ്ൽ ചൂണ്ടിക്കാട്ടി.
രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കുന്ന വെള്ളത്തിലെ ഒരു പദാർത്ഥം മൂലമാകാം ഈ അവസ്ഥയെന്നാണ് റിപ്പോർട്ടുകൾ. ഈ കുട്ടിയുടെ അവസ്ഥ പാരമ്പര്യമല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞയാഴ്ച ഒരു സ്പോർട്‌സ് ഡ്രിംഗ് കുടിച്ചതുപോലും പെൺകുട്ടിയെ കുഴപ്പിച്ചിരുന്നു. എന്ത് കഴിക്കുന്നതിന് മുൻപും അതിൽ വെള്ളം അടങ്ങിയിട്ടുണ്ടോ എന്ന് തനിക്ക് ലേബൽ പരിശോധിക്കണമെന്നും, എന്നാൽ ലോകത്തുള്ള എല്ലാത്തിലും വെള്ളമുണ്ടെന്നും അബിഗെയ്ൽ പറയുന്നു.

പലപ്പോഴും തന്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ അറിവില്ലാത്തതിനാൽ ഡോക്ടർമാരെ ബോധവത്കരിക്കേണ്ട സാഹചര്യവും വന്നിട്ടുണ്ടെന്ന് അബിഗെയ്ൽ വ്യക്തമാക്കി. തന്റെ അവസ്ഥ പങ്കുവയ്ക്കുമ്പോൾ ആളുകൾ തമാശയാണെന്ന് കരുതുന്നുവെന്നും കുട്ടി പറഞ്ഞു.
ആദ്യം മടിച്ച് നിന്നുവെങ്കിലും ഇപ്പോൾ അബിഗെയ്ൽ തന്റെ അവസ്ഥയെക്കുറിച്ച് തുറന്ന് സംസാരിക്കുന്നുണ്ട്. മറ്റുള്ളവരിൽ അവബോധം വളർത്താനും ആളുകളെ ബോധവത്ക്കരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് 15കാരിയുടെ വിശ്വാസം.