
ചെടികൾക്കിടയിൽ വിഷച്ചെടികളുണ്ട്. വാതകങ്ങൾക്കിടയിൽ വിഷവാതകങ്ങളുണ്ട്. ജീവജാലങ്ങൾക്കിടയിൽ വിഷജന്തുക്കളുണ്ട്. അറിവും തിരിച്ചറിവും കൊണ്ട് അത് ഗ്രഹിക്കണം. അങ്ങനെ ഗ്രഹിച്ചാൽ പരിഹാരവുമാകും - ഫാദർ സെബാസ്റ്റ്യൻ പള്ളിമുറ്റത്തെ കുട്ടികളോട് വിശദീകരിച്ചു. എല്ലാ മതവിഭാഗങ്ങളിലും പെട്ടവർ അക്കൂട്ടത്തിലുണ്ട്. ഒഴിവുസമയങ്ങളിൽ ഫാദർ അവർക്കായി പുരാണകഥകൾ പറഞ്ഞുകൊടുക്കും. അങ്ങനെ രാമായണ കഥകളും ബൈബിൾ കഥകളും ഖുർ ആൻ സാരങ്ങളും കുട്ടികൾ മനഃപാഠമാക്കി. മതഗ്രന്ഥങ്ങളോ പുരാണങ്ങളോ മറിച്ചു നോക്കാത്ത പല വീട്ടുകാരും തങ്ങളുടെ കുട്ടികളുടെ അറിവും ഗ്രഹണശേഷിയും വർദ്ധിക്കുന്നതുകണ്ട് അതിശയിച്ചു. ഉള്ളുകൊണ്ട് പ്രശംസിക്കുകയും ചെയ്തു. ഫാദർ മതപരിവർത്തന ശ്രമം നടത്തുകയാണോ എന്ന് തുടക്കത്തിൽ സംശയിച്ച പലരും ഫാദർ സെബാസ്റ്റ്യന്റെ ജ്ഞാനദാന സംരംഭത്തെ പ്രകീർത്തിക്കാൻ തുടങ്ങി.
എട്ടടിവീരൻ കടിച്ചാൽ എട്ടടിയെത്തുമ്പോഴേക്കും മരിക്കും. മനുഷ്യന്റെ വിഷം ഉള്ളിൽ ചെന്നാലോ ഒരു കുട്ടിയുടെ സംശയം കേട്ട് ഫാദർ പൊട്ടിച്ചിരിച്ചു. ഉടൻ മരിക്കില്ല. ഇഞ്ചിഞ്ചായി മരിക്കും. അതിന്റെ വിഷ ചികിത്സയും കുറവാണ്. ആത്മീയാചാര്യനായ ചട്ടമ്പി സ്വാമികൾ വിഷവൈദ്യം പഠിക്കാൻ താത്പര്യം പ്രകടിപ്പിച്ച ശിഷ്യനായ നീലകണ്ഠന് നൽകിയ ഉപദേശം രസകരമാണ്. വിഷവൈദ്യം പഠിക്കുന്നതിന് മുമ്പ് സ്വന്തം മനസിലെ വിഷമാണ് മാറ്റേണ്ടത്. രാമായണത്തിലെ മന്ഥരയും മഹാഭാരതത്തിലെ ശകുനിയും സർവനാശത്തിന്റെ വിഷം ചീറ്റിയ കഥാപാത്രങ്ങൾ. കാട്ടിലും പൊത്തിലും വിഷപ്പാമ്പുകൾ ഒളിച്ചുതാമസിക്കുന്നു. അതിന്റെ നൂറിരട്ടി വിഷവീര്യമുള്ള സർപ്പങ്ങൾ വീട്ടിലും നാട്ടിലും കർമ്മമണ്ഡലങ്ങളിലും സ്വൈരവിഹാരം നടത്തുന്നു. ഫാദറിന്റെ വിലയിരുത്തൽ കേട്ട് കുട്ടികൾ ആർത്തുചിരിച്ചു.
കുട്ടികളുടെ ഉത്സാഹം കണ്ട് ചട്ടമ്പിസ്വാമികളെപ്പറ്റി ഫാദർ ചില കാര്യങ്ങൾ കൂടി സൂചിപ്പിച്ചു. ശിഷ്യനായ നീലകണ്ഠ തീർത്ഥപാദർ സമാധിയായപ്പോൾ ചട്ടമ്പിസ്വാമികളുടെ കണ്ണുകൾ നിറഞ്ഞു. ജീവിതത്തിൽ ലോല വികാരങ്ങൾക്ക് ഒരർത്ഥവുമില്ലെന്ന് ഉദ്ബോധിപ്പിക്കുന്ന അങ്ങ് എന്താണ് കരഞ്ഞതെന്ന് മറ്റ് ശിഷ്യന്മാർ ചോദിച്ചപ്പോൾ ആനന്ദം കൊണ്ടാണെന്നായിരുന്നു സ്വാമിയുടെ ഉത്തരം. ഒരു ജീവന്റെ അവസാനത്തെ ശരീരമാണ് ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത്. ഇത് ഒരു ജീവന് ഒരിക്കൽമാത്രം കിട്ടുന്ന ഭാഗ്യമാണ്.ചട്ടമ്പി സ്വാമികളുടെ ഉറ്റ കൂട്ടുകാരായിരുന്നു ഉറുമ്പുകൾ. ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ അദ്ദേഹത്തിന് ചുറ്റും ഉറുമ്പുകൾ കൂടും. സ്വാമി അവയ്ക്ക് ആഹാരം തൂവികൊടുക്കും. ഉള്ളിലുള്ള സ്നേഹത്തിന്റെ ഭാഷ എല്ലാ ജീവജാലങ്ങൾക്കും മനസിലാകും എന്നായിരുന്നു സ്വാമിയുടെ നിരീക്ഷണം. ആ ഭാഷ എളുപ്പം ഗ്രഹിക്കാത്തത് മനുഷ്യൻ മാത്രം. ആ ഭാഷ വേണ്ടത്ര കൈവശമില്ലാത്തതുകൊണ്ടാണ് ജീവിത വ്യാപാരത്തിൽ പലരും നഷ്ടത്തിലാകുന്നതും മറ്റുള്ളവരെ പഴിക്കുന്നതും. ഫാദറുടെ വാക്കുകൾക്ക് മേൽ പള്ളിമണി മുഴങ്ങി.
ഫോൺ: 9946108220