പുതുപ്പള്ളിയിൽ കപ്പ മസ്റ്റ്.ഫസ്റ്റ് ചോയ്സ് പൂരി മസാലയ്ക്ക്.ഭക്ഷണം വിശേഷം പങ്കുവച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

ആഹാരം കഴിക്കണമെന്ന് ഒരു നിർബന്ധവുമില്ലാത്ത ആളാണ് ഞാൻ. ചെറുപ്പം മുതൽ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കപ്പയാണ്. പുതുപ്പളളിയിൽ നല്ല കപ്പ കിട്ടും. അത് അമ്മച്ചി പാകം ചെയ്ത് തരുമ്പോഴുളള രുചി നാവിൽ നിന്ന് ഇപ്പോഴും മാറിയിട്ടില്ല. പുതുപ്പളളിയിൽ നിന്ന് എപ്പോൾ ഭക്ഷണം കഴിച്ചാലും കപ്പ മസ്റ്റാണ്. തിരുവനന്തപുരത്ത് കപ്പ എല്ലാദിവസവും കിട്ടിയെന്ന് വരില്ല. പക്ഷേ,കപ്പ ഉണ്ടെങ്കിൽ അത്രയും നല്ലത്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും കേരളത്തിൽ അങ്ങോളമിങ്ങോളം യാത്രകളായിരുന്നു. വീട്ടിലിരുന്ന് ആഹാരം കഴിക്കും പോലെ യാത്രയ്ക്കിടയിൽ പറ്റില്ല. കാരണം യാത്രയ്ക്കിടെ ഭക്ഷണം വേണമെന്ന് നിർബന്ധം പിടിച്ചാൽ എവിടെയെങ്കിലും കയറിയിരുന്ന് കഴിക്കേണ്ടി വരും. അതിന് സമയം അനുവദിക്കില്ല. അതുകൊണ്ട് തന്നെ കാറിലിരുന്നു കഴിക്കാൻ പറ്റുന്ന എന്തെങ്കിലും കഴിക്കുകയാണ് പതിവ്.
യാത്രയുടെ ദൈർഘ്യം കൂടുമ്പോൾ ഇന്ത്യൻ കോഫി ഹൗസിലെ പൂരി മസാലയെ ആശ്രയിക്കും. കേരളത്തിൽ എവിടെ പോയാലും ഫസ്റ്ര് ചോയ്സ് പൂരി മസാലയ്ക്കാണ്. ആന്ധ്രയുടെ ചുമതല കിട്ടി അവിടെ ചെന്നപ്പോൾ തൈര് സാദവും തൈര് വടയും യാത്രയ്ക്കിടയിൽ സ്ഥിരമായി. ഇത് കിട്ടിയില്ലെങ്കിലാകും ദോശ അന്വേഷിക്കുക. നോൺ വെജിനോട് ചെറുപ്പത്തിൽ നല്ല താത്പര്യമുണ്ടായിരുന്നു. ഇപ്പോൾ വീട്ടിൽ പാചകം ചെയ്തതായാലും വെജിറ്റേറിയൻ തന്നെയാണ് ഇഷ്ടം. സഭയുടെ നോമ്പ് ഒരു മുടക്കവുമില്ലാതെ എല്ലാ വർഷവും നോക്കുന്നയാളാണ് ഞാൻ. നോമ്പിനിടയിലെ അമ്പത് ദിവസം നോൺ വെജ് ഒഴിവാക്കുന്നതിനാൽ തന്നെ മത്സ്യവും ഇറച്ചിയുമൊന്നും ഒരു പ്രശ്നമല്ല.
കെ.എസ്.യു കാലത്ത് എല്ലാ കാര്യങ്ങൾക്കും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവച്ചിരുന്നു. ബസ് ചാർജിന് കാശുണ്ടാക്കുന്നതിനായിരുന്നു മുൻഗണന.ഭക്ഷണത്തിന് നിർബന്ധം പിടിക്കാറില്ലായിരുന്നു. കാരണം നിർബന്ധം പിടിച്ചാലും നടക്കില്ലെന്ന് അറിയാം. ഭക്ഷണത്തിന് പ്രാധാന്യം കൊടുത്താൽ യാത്രകൾ മുടങ്ങും. അങ്ങനെയാണ് ജീവിതത്തിൽ ഭക്ഷണത്തിന് പ്രാധാന്യമില്ലാതായി തുടങ്ങിയത്. എന്നാൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ എത്തിയപ്പോൾ സമയക്കുറവാണ് ഭക്ഷണം വേണ്ടെന്ന് വയ്ക്കാൻ കാരണമായത്.
വീട്ടിൽ നിന്നാണ് രാവിലെ ഇറങ്ങുന്നതെങ്കിൽ ഭാര്യ നിർബന്ധിപ്പിച്ച് ആഹാരം കഴിപ്പിച്ചിരിക്കും. ചായയോ കാപ്പിയോ കുടിക്കാറില്ല. വെളളം കുടിക്കുന്നതേ കുറവാണ്. ഏതെങ്കിലും വീട്ടിൽ കയറേണ്ടി വന്നാലും അവിടെ നിന്ന് എന്തെങ്കിലും കഴിക്കുക അപൂർവമാണ്. ഉച്ചയ്ക്ക് വീട്ടിലുണ്ടെങ്കിൽ പുഴുക്കലരി ചോറിന്റെ ഊണാണ്. പച്ചരിച്ചോറ് ഇഷ്ടമല്ല. തേങ്ങ അരച്ച് മുരിങ്ങക്കയിട്ടതോ മാങ്ങ,ചക്കക്കുരു,തക്കാളി എന്നിവയിട്ടതോ ആകും ചോറിനൊപ്പം ഉണ്ടാകാറുളളത്. വഴുതനങ്ങ തീയൽ,പാവക്ക തീയൽ,പരിപ്പുകറി എന്നിവയിൽ ഒന്ന് ഉണ്ടാകും. മാങ്ങാ ചമ്മന്തിയും വീട്ടിലെ എല്ലാവർക്കും ഇഷ്ടം തന്നെ. കടുമാങ്ങയും ചുട്ട പപ്പടവും കൂട്ടിനുണ്ടാവും. ഏത്തക്ക പെരളൻ,ചക്ക പെരളൻ,പയർ,ബീൻസ്,പപ്പായ,വാഴക്കൂമ്പ്,പിണ്ടി ഇവയിലേതെങ്കിലും ഒന്നുകൊണ്ട് തോരനോ ഉണ്ടാകും. കാബേജ് ഇഷ്ടല്ല. മത്സ്യം ആവോളം കഴിക്കുന്ന സമയത്ത് മത്തി,അയല,നെത്തോലി,ചെമ്മീൻ എന്നിവയായിരുന്നു ഇഷ്ടം. രാത്രിയിൽ കഞ്ഞിയാണ് ഇഷ്ടഭക്ഷണം. വീട്ടിലായാലും ഗസ്റ്റ് ഹൗസിൽ ആയാലും കഞ്ഞി മാത്രമേ കഴിക്കൂ. ആരോഗ്യവും ഭക്ഷണവുമായി അടുത്ത ബന്ധമുണ്ട്. നല്ല ആരോഗ്യത്തിന് പച്ചക്കറികൾ സ്ഥിരം കഴിക്കണമെന്നാണ് എന്റെ പക്ഷം. എല്ലാവർക്കും അതിനോട് യോജിപ്പുണ്ടായെന്ന് വരില്ല. കാരണം ചെറുപ്പത്തിലൊക്കെ ഭക്ഷണകാര്യത്തിൽ എനിക്ക് പ്രിയം നോൺ വെജ് തന്നെയായിരുന്നു.
(തയ്യാറാക്കിയത്:
ആർ.പി. സായ്കൃഷ്ണ)