ranil-wickremesinghe

കൊളംബോ: രാജ്യത്ത് കലാപം നിലനിൽക്കുന്നതിനിടെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനിൽ വിക്രമസിംഗെ ഇന്ന് ചുമതലയേൽക്കും. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. പ്രസിഡന്റ് ഗോതബയ രാജപക്‌സയുമായി നടന്ന കൂടിക്കാഴ്ചയ്ക്കൊടുവിലാണ് തീരുമാനം. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഗോതബയ അറിയിച്ചിരുന്നു.

1994 മുതൽ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ നേതാവാണ് റെനിൽ വിക്രമസിംഗെ. മുൻപ് നാല് തവണ ശ്രീലങ്കൻ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ പ്രതിപക്ഷ നേതാവും ആയിട്ടുണ്ട്. ഇന്ത്യൻ അനുകൂല നിലപാടുകളുടെ പേരിലും പ്രശസ്തനാണ് വിക്രമസിംഗെ.

അതേസമയം, സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ അക്രമം അഴിച്ചുവിട്ടതിന് മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയെയും മകൻ നമലിനെയും മറ്റ് 15 സഖ്യകക്ഷികളെയും രാജ്യം വിടുന്നത് ശ്രീലങ്കൻ കോടതി വിലക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജ്യത്ത് കലാപം രൂക്ഷമായതിന് പിന്നാലെ മഹിന്ദ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചത്. ഔദ്യോഗിക വസതി വളഞ്ഞ സമരക്കാരെ അനുയായികളെ വിട്ട് അടിച്ചമർത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ രാജിവച്ചൊഴിയുകയല്ലാതെ രാജപക്‌സയുടെ മുന്നിൽ മറ്റ് മാർഗങ്ങളില്ലാതായി മാറുകയായിരുന്നു. കലാപത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മഹിന്ദയുടെ ഹമ്പൻതോട്ടയിലെ കുടുംബവീടും കുറുനെഗല സിറ്റിയിലെ വസതിയും പ്രക്ഷോഭകർ അഗ്നിക്കിരയാക്കിയിരുന്നു. മുൻ മന്ത്രിമാരായ ജോൺസ്റ്റൻ ഫെർണാൻഡോയുടെയും, നാല് എം.പിമാരുടെയും രണ്ട് മേയർമാരുടെയും ഔദ്യോഗിക വസതികളും തീയിട്ട് നശിപ്പിച്ചു. ഭരണകക്ഷി എം.പിമാരെ വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തു. പാർട്ടി ഓഫീസുകളും കത്തിച്ചു. നിരവധി ബസുകളും വാഹനങ്ങളും പ്രക്ഷോഭകർ അഗ്നിക്കിരയാക്കി.

കൊവിഡിൽ ടൂറിസം വരുമാനം നിലച്ചതും ചൈനയിൽ നിന്ന് വാങ്ങിക്കൂട്ടിയ കടവും ശ്രീലങ്കൻ സമ്പദ്ഘടനയെ തകർത്തു. പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രീലങ്കൻ രൂപയുടെ മൂല്യം സർക്കാർ 36 ശതമാനം കുറച്ചതോടെ പണപ്പെരുപ്പം രൂക്ഷമായി. അവശ്യസാധനവില കുതിച്ചുയർന്നു. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, പാചകവാതകം, മരുന്ന് എന്നിവ കിട്ടാതായി. അരിക്കും പാലിനുമൊക്കെ വില നാലിരട്ടിയായി. ഡീസലും മണ്ണെണ്ണയുമില്ലാതെ മീൻപിടിത്തവും നിലച്ചു. അച്ചടിക്കടലാസിന്റെ ക്ഷാമം കാരണം പരീക്ഷകൾ വരെ മാറ്റി. വൈദ്യുതി നിലയങ്ങൾ അടച്ചതോടെ രാജ്യം ഇരുട്ടിലുമായി. ഇതാണ് രാജ്യത്തെ കലാപത്തിലേക്കും തുടർന്ന് മഹിന്ദ രാജപക്‌സയുടെ രാജിയിലേക്കും നയിച്ചത്.