
ലണ്ടൻ : ലോകത്തെ ഏറ്റവും വരുമാനമുള്ള കായികതാരങ്ങളുടെ പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അർജന്റീനിയൻ ഫുട്ബാളർ ലയണൽ മെസി.ഫോബ്സ് മാഗസിൻ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം 130 ദശലക്ഷം ഡോളറാണ് (ആയിരം കോടിയിലേറെ ഇന്ത്യൻ രൂപ ) മെസിയുടെ സമ്പാദ്യം.ഇതിൽ 75 ദശലക്ഷം ഡോളർ കളിക്കളത്തിൽ നിന്നുള്ള വരുമാനവും 55 ദശലക്ഷം ഡോളർ പരസ്യങ്ങളിൽ നിന്നുള്ള വരുമാനവുമാണ്. കഴിഞ്ഞ വർഷം ഐറിഷ് എം.എം.എ ഫൈറ്റർ കൊണോർ മക്ഗ്രിഗോർ മെസിയിൽ നിന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്തിരുന്നു. മക്ഗ്രിഗോർ ഇക്കുറി ആദ്യ പത്ത് സ്ഥാനങ്ങളിലില്ല. 121.2ദശലക്ഷം ഡോളറുമായി അമേരിക്കൻ ബാസ്കറ്റ് ബാൾ താരം ലെബ്രോൺ ജെയിംസാണ് രണ്ടാം സ്ഥാനത്ത്. ക്രിസ്റ്റ്യാനോ റൊണാൾഡോ(115 ദശലക്ഷം ഡോളർ) മൂന്നാമതും നെയ്മർ(96) നാലാമതുമാണ്.