congress

ജയ്‌പൂർ: ഗാന്ധി കുടുംബത്തിന്റെ പ്രസക്‌തി നഷ്‌ടമായിട്ടില്ലെന്നും മാറിയ കാലത്ത് പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധിയ്‌ക്കേ കഴിയൂ എന്നും കേരളത്തിൽ നിന്നുള‌ള കോൺഗ്രസ് എംപിമാർ. സംഘടനാ ദൗർബല്യങ്ങളകറ്റി നിലവിലെ വെല്ലുവിളികളെ അകറ്റി പാർട്ടി മുന്നോട്ട് പോകണമെന്ന് പാർട്ടി വക്താവ് രൺദീപ് സിംഗ് സുർഛേവാലയും അഭിപ്രായപ്പെട്ടു. പാർട്ടി അദ്ധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് കോൺഗ്രസിന്റെ 'നവ് സങ്കൽപ് ചിന്തൻ ശിബിര'ത്തിന് ഇന്ന് രാജസ്ഥാനിലെ ഉദയ്‌പൂരിൽ തുടക്കമാകും. ഉദയ്‌പൂർ താജ് ആരവല്ലി ഹോട്ടലിൽ പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ ആമുഖ പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. രണ്ട് മണിയോടെയാണ് ശിന്തൻ ശിബിർ ആരംഭിക്കുക. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശിന്തൻ ശിബിരത്തിൽ ആറ് ഉപസമിതികൾ തയ്യാറാക്കിയ കരട് പ്രമേയങ്ങൾ 422 പ്രതിനിധികൾ ച‌ർച്ച ചെയ്യും.

ഡൽഹിയിൽ നിന്നുള‌ള 70ഓളം പ്രതിനിധികൾക്കൊപ്പം ചേതക് എക്‌സ്‌പ്രസിൽ രാഹുൽ ഗാന്ധി ഇന്ന് ഉദയ്‌പൂരിലെത്തി. മുൻപ് 2013ൽ രാഹുൽഗാന്ധി പാർട്ടി ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ജയ്‌പൂരിൽ നടന്ന സമ്മേളനത്തിലാണ്. ഞായറാഴ്‌ചയാണ് ശിബിരം കൊടിയിറങ്ങുക.

രാജ്യത്തെ വിലക്കയറ്റം തടയാൻ ബിജെപി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപിയുടെ വ‌ർഗീയതയുടെ രാഷ്‌ട്രീയത്തെ എതിർക്കുമെന്നും ചിന്തൻശിബിരിന് മുന്നോടിയായി കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.