kv-thomas

കൊച്ചി: തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കിയെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന നുണയാണെന്ന് പ്രതികരണവുമായി കെ.വി തോമസ്. കോൺഗ്രസിൽ നിന്നും പുറത്താക്കിയെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. തന്നെ പുറത്താക്കേണ്ടത് എഐസിസിയാണ്. നാലണ മെമ്പർഷിപ്പ് കാലത്ത് കോൺഗ്രസിൽ വന്നയാളാണ്. കോൺഗ്രസ് സംസ്‌കാരത്തിൽ നിന്നും മാറാൻ കഴിയില്ല. അതിനാൽ എൽഡിഎഫിലേക്കില്ല.സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനം. കെ.വി തോമസ് അറിയിച്ചു.

കോൺഗ്രസ് പ്രസക്തി നഷ്‌ടപ്പെട്ട് അസ്ഥികൂടമായി മാറി. ജി.കെ മൂപ്പനാരെയും കെ.കരുണാകരനെയും പോലെ എത്രയോ പ്രഗൽഭരായ നേതാക്കൾ നേതൃത്വം വഹിച്ച പാർട്ടിയാണ് കോൺഗ്രസ്. ആ കോൺഗ്രസിൽ നിന്നും പ്രധാന നേതാക്കൾ കൊഴിഞ്ഞുപോയി. ചിന്തൻശിബിരത്തിന്റെ തന്നെ പ്രസക്തി നഷ്‌ടമായി. ഇങ്ങനെയാണോ ആളുകളെ ചിന്തൻശിബിരിലേക്ക് ക്ഷണിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് ഏറെനാളായി അകൽച്ചയിലാണ് കെ.വി തോമസ്. എൽഡിഎഫിന്റെ മുഖ്യമന്ത്രി പങ്കെടുത്ത തൃക്കാക്കര തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതോടെയാണ് അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു.

2018 മുതൽ തന്നെ പാർട്ടിയിൽ നിന്നും ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അവഗണിക്കുകയാണെന്നും മുൻപ് കെ.വി തോമസ് ആരോപിച്ചിരുന്നു. അതേസമയം കോൺഗ്രസിൽ ഇല്ലെങ്കിൽ കെ.വി തോമസ് ഇല്ലെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു.