us-model

തിരുവനന്തപുരം: കടമെടുക്കാനുള്ള അനുമതി കേന്ദ്രസർക്കാർ നിഷേധിച്ചതു മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാൽ അത് മറികടക്കാൻ ജീവനക്കാരുടെ ശമ്പളം രണ്ടു ഗഡുക്കളാക്കാൻ സർക്കാർ ആലോചിക്കുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളമായിരിക്കും ആദ്യം രണ്ടു ഗഡുക്കളാക്കുക. കൂടാതെ ശമ്പളത്തിന്റെ നിശ്ചിതശതമാനം പിടിച്ചുവയ്ക്കാനും പ്രതിസന്ധി തീരുമ്പോൾ ഒരുമിച്ച് തിരികെ നൽകാനും ആലോചിക്കുന്നുണ്ട്. അമേരിക്കയിലും മറ്റും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വീകരിക്കുന്ന മാർഗമാണിത്.


അതേസമയം, പിടിച്ചുനിൽക്കാൻ സഹകരണ ബാങ്കുകളിലും സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിലും നിന്ന് പണം കണ്ടെത്താനുള്ള ശ്രമം സർക്കാർ തുടങ്ങി. പ്രതിസന്ധി തീരും വരെ ട്രഷറിനിയന്ത്രണം കൂടുതൽ കടുപ്പിക്കും. ഇപ്പോൾ 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ നിയന്ത്രണമുണ്ട്.11,000കോടി രൂപ വരവും 13,000 കോടി രൂപ ചെലവും എന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമല്ലെങ്കിലും വായ്പ മുടങ്ങിയാൽ പണലഭ്യത താളം തെറ്റും. അതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. കേന്ദ്രനിലപാട് തുടർന്നാലും തീരുമാനം വൈകിയാലും സംസ്ഥാനം പരുങ്ങലിലാകും.

സാമ്പത്തിക വർഷം തുടങ്ങി രണ്ടുമാസമായിട്ടും വായ്പയ്ക്ക് അനുമതി കിട്ടാത്തത് ഗൗരവുള്ള കാര്യമാണ്. കഴിഞ്ഞ മാസം 1000 കോടിയും ഈ മാസം 3000 കോടിയുമാണ് വായ്പയെടുക്കാൻ ശ്രമിച്ചത്. അതിനാണ് അനുമതി നിഷേധിച്ചത്. കേന്ദ്ര നിലപാടിൽ രാഷ്ട്രീയമില്ലെന്നാണ് കരുതുന്നത്. മഹാരാഷ്ട്ര, ആന്ധ്ര, പഞ്ചാബ്, ജമ്മു, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾക്ക് അനുമതി ലഭിച്ചു. കേരളത്തിനും ഉടൻ കിട്ടുമെന്നാണ് കരുതുന്നത്. കേരളത്തിന് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനം വായ്പയെടുക്കാം. അതായത് 32,425 കോടി രൂപ. മൊത്തം കടബാദ്ധ്യത 3,02,620കോടി രൂപയാണ്.

കേന്ദ്ര നിലപാട്

എടുത്ത കടങ്ങളുടെ കണക്കിലെ പൊരുത്തകേടുകൾ പരിഹരിച്ചിട്ടാകാം പുതിയ കടം.

കൊവിഡ് കാലത്ത് വാങ്ങിയ കടവും കിഫ്ബിയിലൂടെ വാങ്ങിയ കടവും ട്രഷറിയിലെ വാർഷിക നീക്കിയിരുപ്പ് മാറ്റിയതും എല്ലാം കൂടി പൊരുത്തപ്പെടുന്നില്ല.

'പൊതുകടത്തിൽ കേന്ദ്രം വിശദീകരണം ചോദിച്ചു. കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. അതിൽ പ്രശ്നം തീർന്നേക്കും. അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. നടപടികൾ നീണ്ടാൽ പ്രതിസന്ധി രൂക്ഷമാകും. ശമ്പളം നൽകാൻ പ്രതിസന്ധിയൊന്നുമില്ല.'
കെ.എൻ.ബാലഗോപാൽ,

ധനകാര്യമന്ത്രി

ഒരു മാസത്തെ കണക്ക്
ശരാശരിചെലവ് ......13,733.00കോടി
ശരാശരിവരവ് ..........11,205.00കോടി
നികുതി വരുമാനം...... 6174.00കോടി
ശമ്പളത്തിന്.................. 3498.41കോടി
പെൻഷന്........................ 2236.16കോടി

ആകെ ജീവനക്കാർ
സർക്കാർ സർവ്വീസ് ......................3,77,065
എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ.... 1,38,574
ആകെ............................................... 5,15,639
പെൻഷൻകാർ .................................4,38,535