
തായ്‌പ്പോംഗ്: തായ്‌ലാന്റിൽ മലയാള സിനിമ ചിത്രീകരണത്തിനിടെ ശല്യം ചെയ്‌ത് ഗുണ്ടാ സംഘങ്ങൾ. പിരിവ് ആവശ്യപ്പെട്ട് സ്ഥലത്തെ ചിലർ ശല്യം ചെയ്‌തെന്നും തുടർന്ന് പണം നൽകി ചിലരെ മടക്കി അയച്ചെങ്കിലും വീണ്ടും ശല്യം തുടർന്നെന്ന് സംവിധായകൻ ലിഞ്ചു എസ്‌തപ്പാൻ പറഞ്ഞു.
2018ൽ തായ്‌ലാന്റിലെ ഗുഹയ്‌ക്കുളളിൽ അകപ്പെട്ട കുട്ടികളെ രക്ഷിച്ച സംഭവത്തെ ആസ്‌പദമാക്കി നിർമ്മിക്കുന്ന 'ആക്ഷൻ 22' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഗുണ്ടകൾ നിരന്തരം തടസപ്പെടുത്തിയത്. തായ്‌പ്പോംഗ് എന്ന സ്ഥലത്ത് ആരംഭിച്ച ഷൂട്ടിംഗ് സർക്കാരിന്റെ അനുമതിയോടെയാണ് ആരംഭിച്ചത്.
ചിത്രീകരണത്തിന് വാടകയ്‌ക്കെടുത്ത വലിയ വിലയുളള കാറുകളിൽ നാട്ടുകാരിൽ ചിലർ കല്ലുപയോഗിച്ച് പെയിന്റ് ഇളക്കി. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് ഇടപെടലിനെ തുടർന്ന് ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും അപ്പോഴേക്കും മഴ വന്നതായും ഇതോടെ നാട്ടുകാർ വീണ്ടും ഷൂട്ടിംഗ് തടസപ്പെടുത്തിയെന്നും ലിഞ്ചു എസ്‌തപ്പാൻ അറിയിച്ചു.
തായ്‌ലാന്റിൽ നടന്ന സംഭവമായതിനാൽ അവിടെ ഗ്രാമത്തിൽ തന്നെ ചിത്രീകരണം നടത്താനാണ് സംഘം ശ്രമിച്ചത്. എന്നാൽ ഗുണ്ടായിസം കാരണം ചിത്രീകരണം നിർത്തിയ ശേഷം ഹൈദരാബാദിലെ രാമോജി റാവു ഫിലിംസിറ്റിയിൽ സെറ്റിട്ട് ചിത്രീകരണം തുടങ്ങാൻ നിർമ്മാതാവ് ചന്ദ്രൻ തിക്കൊടി തീരുമാനിച്ചു. തമിഴ് നടൻ ഭരത്, ശബരീശ് വർമ്മ, ഇർഷാദ്, ലാലു അലക്‌സ്, ഹൃദയം ചിത്രത്തിലൂടെ ശ്രദ്ധേയനായ കലേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.