
ദുബായ്: യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 73 വയസായിരുന്നു. യുഎഇ വാർത്താ ഏജൻസിയാണ് മരണ വാർത്ത പുറത്തുവിട്ടത്. 2004 നവംബർ മൂന്നു മുതൽ യുഎഇ പ്രസിഡന്റാണ്. മരണത്തെത്തുടർന്ന് യു എ ഇയിൽ നാൽപ്പതുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ മേഖലയിൽ മൂന്നുദിവസത്തെ അവധിയും പ്രഖ്യപിച്ചിട്ടുണ്ട്.
1948ലാണ് ജനനം. യു എ ഇ യുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയുടെ 16-ാമത് ഭരണാധികാരിയുമാണ്. പിതാവ് ഷെയ്‌ഖ് സായിദിന്റെ മരണത്തെത്തുടർന്ന് 2004 നവംബർ മൂന്നിനാണ് ഷെയ്‌ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്. 1948 സെപ്റ്റംബര്‍ 7ന് ജനിച്ച ഷെയ്‌ഖ് ഖലീഫ, 1971ൽ യുഎഇ രൂപവൽക്കരിക്കപ്പെട്ടപ്പോൾ ഇരുപത്താറാം വയസിൽ ഉപപ്രധാനമന്ത്രിയായി. തുടർന്ന് 1976 മേയിൽ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി നിയോഗിക്കപ്പെട്ടു.
ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ഷെയ്ഖ് ഖലീഫ നേതൃത്വം നല്‍കി. വന്‍ വികസന കുതിപ്പിലേക്കാണ് ഇദ്ദേഹം രാജ്യത്തെ നയിച്ചത്.അധികാരമേറ്റ ഉടൻ 2004 നവംബറിൽ തന്നെ മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യം നൽകി. സർക്കാരിലെ ഉന്നതപദവികളിൽ സ്‌ത്രീകൾക്കു മുപ്പതുശതമാനം പ്രാതിനിധ്യം നൽകിയതിനൊപ്പം ബിസിനസ് മേഖലയിലും സ്‌ത്രീകൾക്ക് കൂടുതൽ പരിഗണന നൽകുകയും ചെയ്തു. ജനക്ഷേമകരമായ ഒട്ടറെ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ ജനങ്ങളിൽ നിന്ന് ഏറെ ആദരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് ഏറെ സംഭാവനകൾ നൽകിയ അദ്ദേഹം എണ്ണ, വാതക മേഖലയുടെ വികസനത്തിന് നേതൃത്വം നൽകിയിരുന്നു.