musk

ന്യൂയോർക്ക് : ട്വി​റ്റർ ഏ​റ്റെടുക്കൽ ഇടപാടുകൾ താത്കാലികമായി നിറുത്തിവച്ചെന്ന് ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ട്വിറ്ററിലൂടെയാണ് മസ്ക് ഇക്കാര്യം അറിയിച്ചത്.

മൊത്തം അക്കൗണ്ടുകളിൽ അഞ്ചു ശതമാനത്തിന് താഴെയാണ് സ്പാം, വ്യാജ അക്കൗണ്ടുകളെന്ന ട്വിറ്ററിന്റെ അവകാശത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നതുവരെയാണ് ഇടപാട് നിറുത്തിവച്ചിരിക്കുന്നതെന്ന് മസ്‌ക് പറയുന്നു. ട്വി​റ്ററിലെ വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുക എന്നത് പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് മസ്ക് നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസമാണ് 4,400 കോടി ഡോളറിന് ട്വി​റ്റർ ഏ​റ്റെടുക്കുമെന്ന് മസ്ക് അറിയിച്ചത്. ഇടപാടുകൾ നിറുത്തിവച്ചെന്ന ട്വീ​റ്റിനു പിന്നാലെ ട്വിറ്ററിന്റെ ഓഹരികൾ 17.7 ശതമാനം ഇടിഞ്ഞു. മസ്‌ക് ട്വി​റ്റർ ഏറ്റെടുക്കുന്നെന്ന് അറിയിച്ചതിന് ശേഷം ഇതാദ്യമായാണ് ഓഹരി ഇടിയുന്നത്. അതേ സമയം, ട്വിറ്റർ ഏറ്റെടുക്കൽ നടപടികളോട് ഇപ്പോഴും പ്രതിജ്ഞാബന്ധമുണ്ടെന്ന് മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ട്വീറ്റിലൂടെ മസ്ക് അറിയിച്ചു.