kk

തിരുവനന്തപുരം ∙ രാത്രിയിൽ അപകടത്തിൽപെട്ട ആളിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് എത്താൻ വൈകി. സ്വന്തം കാറിൽ ആശുപത്രിയിൽ എത്തിച്ച് മാതൃകയായ നിയമവിദ്യാർത്ഥി അഭിരാമിക്ക് അഭിനന്ദന പ്രവാഹം. . റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ . നെടുമങ്ങാട് മഞ്ച തേരുമല ഐടിസിക്കു സമീപം ശ്രീവിഹാറിൽ ബാബു (70) കാറിടിച്ചു മരിച്ചത്.

തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. കുന്നുകുഴി സമൃദ്ധി വെൺപകൽ ഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരനായിരുന്നു. ഫ്ലാറ്റിന് മുന്നിലെ റോഡിനു കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ കാർ ബാബുവിനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയി. ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ അഭിരാമി ശ്രമിച്ചെങ്കിലും ആംബുലൻസിന്റെയോ മറ്റു വാഹനങ്ങളുടെയോ സഹായം ലഭിച്ചില്ല. പിന്നീട് അഭിരാമി സ്വന്തം കാറിൽ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ബാബുവിനെ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

കുന്നുകുഴി എൽ.വി.എം.ആർ.എ 31 മാധവ മംഗലത്തിൽ പി. ശശിധരന്റെയും ശ്രീലയുടെയും മകളാണ് അഭിരാമി. സഹോദരി ആര്യയും അഭിരാമിക്ക് ഒപ്പം ബാബുവിനെ ആശുപത്രിയിൽ എത്തിക്കാൻ കൂടെയുണ്ടായിരുന്നു. പേരൂർക്കട ലാ അക്കാഡമി അവസാന വർഷ നിയമ വിദ്യാർഥിയാണ് അഭിരാമി. പഠനത്തിനൊപ്പം ഹൈക്കോടതിയിൽ ഇന്റേണിയായും പ്രവർത്തിക്കുന്നു..

റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി വെൺപകൽ ചന്ദ്രമോഹൻ, സെക്രട്ടറി മോഹനൻ അമ്പാടി, ഫ്ലാറ്റ് സെക്രട്ടറി ഗീത എന്നിവരും അഭിരാമിക്ക് ഒപ്പം രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി


അഭിരാമിയെ മന്ത്രി വി.ശിവൻകുട്ടി കുന്നുകുഴിയിലെ വസതിയിൽ എത്തി അഭിനന്ദിച്ചു. സി.പി. എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി‌യും മുൻ നഗരസഭാ കൗൺസിലറുമായ ഐ.പി. ബിനുവും ‌‌ അഭിരാമിയെ അഭിനന്ദിച്ചു. വാഹനാപകടത്തില്‍പ്പെട്ട് വഴിയില്‍ ചോര വാര്‍ന്ന് കിടക്കുന്നവരെ കണ്ടാല്‍ മുഖം തിരിച്ച് പോകുന്നത് മനുഷ്യന് ചേര്‍ന്നതല്ലെന്ന വലിയ പാഠം പഠിപ്പിച്ച അഭിരാമിക്ക് റെഡ് സല്യൂട്ടെന്നും ഐ.പി. ബിനു ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.