high-court

കൊച്ചി: എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ രൂക്ഷവിമർശനമുന്നയിച്ച് ഹൈക്കോടതി. ഇരുസംഘടനകളും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണെന്ന് ഹൈക്കോടതി പറഞ്ഞു.. പാലക്കാട് സഞ്‌ജിത്ത് വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ ഉത്തരവിലാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. .എസ്.ഡി.പി.ഐയെയും പോപ്പുലര്‍ ഫ്രണ്ടിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഗുരുതരമായ പരാമര്‍ശങ്ങളാണ് കോടതി ഉത്തരവിലുള്ളത്.

അതേസമയം സി.ബി.ഐക്ക് കേസ് കൈമാറാന്‍ ജസ്റ്റിസ് കെ.ഹരിപാല്‍ തയ്യാറായില്ല. എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് എന്ന് ഹൈക്കോടതി പറഞ്ഞു. രണ്ട് സംഘടനകളേയും നിരോധിച്ചിട്ടില്ലെന്ന കാര്യംകൂടി ഉത്തരവില്‍ ഹൈക്കോടതി എടുത്തു പറയുന്നു.

സഞ്ജിത്ത് വധക്കേസില്‍ എസ്.ഡി.പി.ഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും സംസ്ഥാന-ദേശീയ നേതാക്കള്‍ക്ക് ബന്ധമില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടുള്ളതെന്ന കാര്യം കോടതി ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി കഴിഞ്ഞു. ഇനി കേസ് സി.ബി.ഐക്ക് കൈമാറിയാല്‍ അന്വേഷണം നീണ്ടുപോകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് സി.ബി.ഐക്ക് കൈമാറാതിരുന്നത്.